Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളിൽ ഐ.വി. ശശി

sasi-mammootty

‘ ഐ.വി.ശശിയുടെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണ്. ഇതു വെറും വാക്കല്ല, ശശിയുമായി അടുത്ത് ഇടപഴകിയ ആളെന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞാണു ഞാനിതു പറയുന്നത്. മലയാളസിനിമയിലെ സാങ്കേതിക വിദഗ്ധരിൽ പ്രധാനിയാണ് അദ്ദേഹം. ഒരു കാലഘട്ടത്തിൽ താരങ്ങൾ ആയിരുന്നില്ല മലയാളത്തിൽ സിനിമകളുടെ ജയം നിർണയിച്ചിരുന്നത്. പോസ്റ്ററിൽ സംവിധാനം ഐ.വി.ശശി എന്നു മാത്രം മതിയായിരുന്നു. വെല്ലുവിളികൾ സ്വയം ഏറ്റെടുത്ത സംവിധായകനായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ ഈ നഷ്ടം എന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണ്. എന്നെ സംബന്ധിച്ചിടത്തോളം വലിയ ദുഃഖം തന്നെയാണിത് ’

                        - എം.ടി.വാസുദേവൻ നായർ

ഇൗ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളർത്തുന്നു

                        - മമ്മൂട്ടി

‘അംഹിസ’ എന്ന സിനിമയുടെ സെറ്റിലാണ് ഐ.വി.ശശിയെ ആദ്യമായി കാണുന്നത്. തികച്ചും യാദൃച്ഛികമായി വന്നൊരു സിനിമ. എന്നാൽ ആദ്യ ദിവസം കണ്ടുമുട്ടി പിരിയുമ്പോൾ മനസ്സിലായി ഈ മനുഷ്യൻ എന്റെ ജീവിതത്തിലേക്കു വന്നതാണെന്ന്. സൗഹൃദത്തിനും അപ്പുറമുള്ളൊരു ബന്ധമാണ് ആ കുടുംബവുമായിട്ടുള്ളത്. എത്രയോ സിനിമകൾ, എത്രയോ യാത്രകൾ. അന്നൊന്നും ഐ.വി.ശശി എന്ന വലിയ സംവിധായകനല്ല കൂടെയുണ്ടായിരുന്നത്. അതിലും എത്രയോ ഉയരത്തിലും അടുപ്പത്തിലുമുള്ള ഒരാളായിരുന്നു. ഞങ്ങൾ ഒരുമിച്ചു പാചകം ചെയ്തു, എത്രയോ നാടുകളിൽ തെരുവുകൾ കണ്ട് അലഞ്ഞു നടന്നു. ഒരു നോട്ടംകൊണ്ടുപോലും എന്നെ തിരുത്താൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. രണ്ടു മാസം മുൻപു ചാനൽ പരിപാടിക്കു കണ്ടപ്പോഴും ഞങ്ങൾ ഒരുമിച്ചു ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ചു പറഞ്ഞു. ഈ മരണവാർത്ത കേട്ട ആ നിമിഷാർധത്തിൽ അദ്ദേഹത്തിന്റെ എത്രയോ സിനിമകൾ നമ്മുടെ മനസ്സിലൂടെ കടന്നുപോയില്ലേ, അതുതന്നെയാണ് ഐ.വി.ശശിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം.

Sasi-seena-lal-sukumari

                        - മോഹൻലാൽ

എന്റെ ഗുരുക്കന്മാരിൽ ഒരാളാണു ഐ.വി.ശശി. ജീവിതത്തിൽ ഏട്ടൻ എന്നല്ലാതെ ഞാൻ വിളിച്ചിട്ടില്ല. ‘ജോൺ, ജാഫർ, ജനാർദനൻ’എന്ന ഐ.വി.ശശി ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതിയാണ് എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. മലയാള സിനിമയിലെ താരാധിപത്യം അട്ടിമറിച്ചത് ഈ മനുഷ്യൻ മാത്രമാണ്. പുതിയ താരങ്ങളെ ഒന്നൊന്നായി നിരത്തിനിർത്തി അത്ഭുതം കാണിച്ചു. ‘ഈനാട്’ എന്ന ഡോക്യുമെന്ററി ചിത്രം കൊമേഴ്സ്യൽ സിനിമയായി ഓടിച്ച് ഇന്ത്യൻ സിനിമയെ ഞെട്ടിച്ചു. രാജ്യത്തെ ആദ്യ സമകാലിക രാഷ്ട്രീയ സിനിമയാണത്. ഞാൻ ഗുരുസ്ഥാനത്തു കണ്ട ഒരു മനുഷ്യൻ സ്വന്തം മകനെ അസിസ്റ്റന്റായി എന്റെയടുത്തേക്കു വിട്ടത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ്. സിനിമ വിട്ടശേഷം വളരെ ശാന്തനായി ഒന്നിലും ഇടപെടാതെ താൻ ആരുമല്ലെന്ന മട്ടിൽ നടന്നു നീങ്ങിയ ഐ.വി.ശശിയെയും ഞാൻ കണ്ടിട്ടുണ്ട്. എങ്ങനെയാണ് മനുഷ്യന് ഇത്രയും ലാളിത്യമുള്ളയാളാകാൻ പറ്റുന്നതെന്ന് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. 

                        - പ്രിയദർശൻ

‘സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായ ഐ.വി. ശശിയുടെ മരണം സിനിമാ ലോകത്തിനു തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ പത്നി സീമയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.’

                        - കമൽഹാസൻ

ഈ മനോഹര തീരം എന്ന ശശിയേട്ടന്റെ സിനിമയിൽ നൃത്തം ചെയ്യാനാണ് ഞാൻ ആദ്യം ചെല്ലുന്നത്.  ശശിയേട്ടൻ എന്നോട് ‘ ഐ ലൈക് യു ’ എന്ന് പറഞ്ഞു.  അതിന്റെ അർത്ഥം എന്നെ കെട്ടുമെന്നാണോയെന്നു ഞാൻ ചോദിച്ചു. എന്റെ ചട്ടമ്പിത്തരങ്ങളും തർക്കുത്തരങ്ങളും അദ്ദേഹത്തിനിഷ്ടമായിരുന്നു. അവളുടെ രാവുകളിലെ കഥാപാത്രമാകാൻ ഷർട്ടൊക്കെയിട്ട് ഞാൻ നിന്നതിന്റെ സ്റ്റിൽ എടുത്തതും ശശിയേട്ടനായിരുന്നു. ആദ്യ സീൻ മോശമായാൽ നിന്നെ ഒഴിവാക്കുമെന്നും പറഞ്ഞു. ശശിയേട്ടൻ തനി പ്രഫഷണലാണ്. മോശമായാൽ ഇഷ്ടമൊന്നും നോക്കാതെ ഒഴിവാക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ടെൻഷനിലാണ് ആദ്യ സീൻ ചെയ്തത്. അവളുടെ രാവുകൾ എന്റെ ജീവിതത്തെ എങ്ങനെ മാറ്റിയെന്ന് ഒരായിരം വാക്കുകളിൽ പറയാനാകില്ല. എന്റെ ആത്മാവും ശരീരവും ഇപ്പോഴത്തെ സിനിമാജീവിതവുമെല്ലാം ആ സിനിമയുടെ നേർഫലമാണ്. 

                        - സീമ  (മുൻ അഭിമുഖത്തിൽ നിന്ന് )