Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊപ്പിവച്ച തല, കഴുതക്കുട്ടി എന്ന വിളി

IV

ഐ.വി.ശശിക്കു സിനിമ ലഹരിയായിരുന്നു. ആ ലഹരിയുടെ ആഴങ്ങളിലേക്ക് എത്ര ആണ്ടിറങ്ങുന്നതിനും മടിയുണ്ടായിരുന്നില്ല. എറണാകുളത്ത് എംജി റോഡിന്റെ തെക്കേയറ്റത്തുണ്ടായിരുന്ന ആർട്ടിസ്റ്റ് കിത്തോയുടെ സ്റ്റുഡിയോയിൽവച്ചാണു ഞങ്ങളുടെ ആദ്യകാഴ്ച. ഒരു വൈകിട്ടു പാതി പൂർത്തിയായ ‘ഉൽസവം’ എന്ന ചിത്രത്തിന്റെ ഫോട്ടോ ആൽബവുമായി ഒരു ചെറുപ്പക്കാരൻ.  കിത്തോ പരിചയപ്പെടുത്തി. ഇതു ശശി, ആർട് ഡയറ്കടറും ചിത്രകാരനുമാണ്. പരസ്പരം കൈകൾ നൽകി. ഒരു ബന്ധത്തിന്റെ തുടക്കം.

ആ ആൽബത്തിലെ ചിത്രങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ അതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത മികച്ച ചില ഫ്രെയിമുകൾ മനസ്സിൽ തങ്ങി. അന്നു രാത്രിയിൽ ഹോട്ടൽ മുറിയിൽ വീണ്ടും കണ്ടുമുട്ടി സിനിമയെപ്പറ്റി ഒരുപാടു സംസാരിച്ചിരുന്നു.

ഭാവുകത്വത്തിന്റെ പുതിയ കാഴ്ചകളുമായി മലയാളത്തിൽ പുതിയ സംവിധായകർ കടന്നുവരുന്ന നാളുകളായിരുന്നു അത്. ഭരതന്റെ ‘പ്രയാണം’, കെ.ജി.ജോർജിന്റെ ‘സ്വപ്നാടനം’ തുടങ്ങിയ സിനിമകൾ ചർച്ചചെയ്യപ്പെട്ടു. അവർക്കിടയിൽ  മുഖ്യധാരയിൽ വേറിട്ട ചാലുകീറി സ്വന്തം വഴിയൊരുക്കുകയായിരുന്നു ഐ.വി.ശശി. 

എംടിയെപ്പോലുള്ള എഴുത്തുകാരുടെ വൈവിധ്യമാർന്ന രചനാലോകത്തെ അവരുടെ ചലച്ചിത്രസങ്കൽപങ്ങൾക്കു കോട്ടമില്ലാതെ തന്റെ കയ്യൊപ്പു കൂടി ചാർത്തി അവതരിപ്പിക്കാൻ ശശിക്കായി. രണ്ടോ മൂന്നോ കഥാപാത്രങ്ങൾ മാത്രമായി ഒരു ചുമരിനുള്ളിൽ നടക്കുന്ന സിനിമ പറയാനും ആൾക്കൂട്ടത്തിന്റെ ആഖ്യാനങ്ങൾ ഒരുക്കാനും ഒരുപോലെ പാടവം കാണിച്ചു. സെറ്റിൽ വീഴ്ചവരുത്തുന്നവരെ ശകാരിക്കുന്നതിനായി ഒരു പദം ഉപയോഗിച്ചിരുന്നു: കഴുതക്കുട്ടി! എത്രയോ മുതിർന്ന നടീനടന്മാരും സാങ്കേതിക വിദഗ്ധരും ആ ശകാരം കേട്ടിരിക്കുന്നു. 

ഏതാനും ദിവസങ്ങൾക്കു മുമ്പു സംസാരിക്കുമ്പോൾ 25 ന് ഓസ്ട്രേലിയയിലേക്കു മകൾ അനുവിനെ കാണാൻ തിരിക്കുമെന്നു പറഞ്ഞിരുന്നു. ഇന്ന് ആ മകൾ അച്ഛനെ കാണാനായി ഓസ്ട്രേലിയയിൽനിന്നു നാട്ടിലെത്തുന്നു.  ശശി ഇപ്പോഴും ആൾക്കൂട്ടത്തിനു നടുവിലാണ്. ജനസഞ്ചയത്തെ വകഞ്ഞുമാറ്റി അവനരികിലെത്താൻ എനിക്കാവതില്ല. ഞങ്ങൾക്കു പരസ്പരം അറിയാം. സ്വസ്തി ശശീ സ്വസ്തി.