ഡോ. സഖറിയ മാർ തെയോഫിലോസിന്റെ കബറടക്കം ഇന്ന്

ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ കാലംചെയ്ത ഡോ. സഖറിയ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തക്ക് കോഴിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടന്ന അന്ത്യശ്രുശ്രൂഷ. ചിത്രം : മനോരമ

കോഴിക്കോട് ∙ ഓർത്തഡോക്‌സ് സഭയുടെ കാലം ചെയ്ത മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിന്റെ (65) കബറടക്കം ഇന്നു രാവിലെ 10നു കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഭൗതിക ശരീരം ഇന്നലെ രാത്രി വൈകി കോയമ്പത്തൂരിലെത്തിച്ചു. മാതാവ് അച്ചാമ്മയും സഹോദരങ്ങളും കോയമ്പത്തൂരിലെത്തിയിട്ടുണ്ട്.

ഇന്നലെ ബിലാത്തികുളം സെന്റ് ജോർജ് കത്തീഡ്രലിലെ പൊതുദർശനത്തിനു ശേഷം വിലാപയാത്രയായാണു മാർ തെയോഫിലോസിന്റെ ഭൗതികശരീരം കോയമ്പത്തൂരിലേക്കെത്തിച്ചത്. ഒട്ടേറെ ഇടവകകളിലും പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കിയിരുന്നു. ബിലാത്തികുളം കത്തീഡ്രലിൽ ചേർന്ന അനുശോചനയോഗത്തിൽ എം.ഐ. ഷാനവാസ് എംപി, വീണാ ജോർജ് എംഎൽഎ, ഡപ്യൂട്ടി മേയർ മീര ദർശക് എന്നിവർ പങ്കെടുത്തു. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വ റീത്ത് സമർപ്പിച്ചു. അർബുദബാധിതനായി ചികിൽസയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു മാർ െതയോഫിലോസിന്റെ അന്ത്യം.