തുലാവർഷം തുടങ്ങി

തിരുവനന്തപുരം∙ സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിവിൽ നിന്നു മാറി ഇത്തവണ തമിഴ്നാട്ടിലേക്കാൾ കൂടുതൽ മഴ കേരളത്തിനു ലഭിക്കുന്നുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കും. അതിനു ശേഷമുള്ള രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്തു പരക്കെ മഴയുണ്ടാകും. കഴിഞ്ഞ ദിവസം പുനലൂരിൽ 15 സെന്റീമീറ്റർ മഴ ലഭിച്ചു. മറ്റു സ്ഥലങ്ങളിൽ മൂന്നു സെന്റിമീറ്റർ വരെയും രേഖപ്പെടുത്തി. 

വൈകുന്നേരം മൂന്നുമുതൽ ഏഴുവരെ ശക്തമായ ഇടിമിന്നലുണ്ടാകുമെന്നു ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. 

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. വൈദ്യുതി ബന്ധത്തിനു പുറമേ കേബിൾ, ടെലിഫോൺ കണക്ഷനുകളും ഊരിയിടണം. വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ മഴയ്ക്കു സാധ്യതയുള്ളതിനാൽ രാത്രിയാത്രയും കഴിവതും ഒഴിവാക്കണം. ഇടിമിന്നൽ ദുരന്തങ്ങളിൽ നിന്നു രക്ഷനൽകാൻ ‌ദുരന്തനിവാരണ അതോറിറ്റി ആരംഭിച്ച മുന്നറിയിപ്പു സംവിധാനം ഇന്നലെ മുതൽ പ്രവർത്തിച്ചുതുടങ്ങി. ആറുമാസത്തെ പരീക്ഷണത്തിനുശേഷം വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുമെന്നു ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ.ശേഖർ, എൽ. കുര്യാക്കോസ് പറഞ്ഞു.