സിവിൽ സർവീസ് കോപ്പിയടി: സഫീർ കരീമിന് ജാമ്യമില്ല

ചെന്നൈ∙ സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീം ഹൈടെക് കോപ്പിയടി നടത്തിയതിന്റെ വിശദമായ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. തെളിവുകൾ പരിശോധിച്ച കോടതി സഫീർ കരീം, സുഹൃത്ത് ഡോ.രാം ബാബു എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കഴിഞ്ഞ മാസം 30നു നടന്ന സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനാണു സഫീർ കരീം പിടിയിലായത്.

പരീക്ഷ നടന്ന ദിവസം സഫീർ കരീം, കേസിലെ പ്രതിയായ ഭാര്യ ജോയ്സി ജോയ്, രാം ബാബു എന്നിവരുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ രേഖകൾ ഹാജരാക്കി. ഹൈദരാബാദിലെ സിവിൽ സർവീസ് അക്കാദമിയിൽ നിന്നു കണ്ടെത്തിയ രാം ബാബുവിന്റെ ലാപ്ടോപ്പിൽ ചോദ്യപ്പേപ്പറിന്റെയും ഉത്തരങ്ങളുടെയും പകർപ്പു കണ്ടെത്തിയതായും അന്വേഷണം സംഘം ബോധിപ്പിച്ചു.