കൊച്ചി കായലിൽ കണ്ടെത്തിയ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്

കൊച്ചി∙ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ (18) ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു മുങ്ങിമരണമാണ്. ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോർജ് ചെറിയാൻ അറിയിച്ചു. 

ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘമാണു കേസ് അന്വേഷിക്കുന്നത്. മിഷേലും കേസിൽ പ്രതിയായ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകൾ, മിഷേൽ നേരത്തേ ഉപയോഗിച്ചിരുന്ന ഫോൺ, സിംകാർഡ് എന്നിവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവർ ഉപയോഗിച്ചുവന്ന ഫോണും സിംകാർഡും വിശദ പരിശോധനയ്ക്കു തിരുവനന്തപുരം സി–ഡാകിന് അയച്ചു.

മിഷേലിനെ കാണാതായ ദിവസം ക്രോണിൻ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടർന്നാണ് ആത്മഹത്യ. ആദ്യം പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ മൂന്നു സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു. 

സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മിഷേലിന്റെ പിതാവ് ഷാജി വർഗീസ് സമർപ്പിച്ച ഹർജിയിലാണു വിശദീകരണം.  മാർച്ച് അഞ്ചിനു കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്നു വേമ്പനാട്ടുകായലിൽ കണ്ടെത്തുകയായിരുന്നു.