തോമസ് ചാണ്ടിക്കെതിരായ പരാതി സിപിഐ കൈകാര്യം ചെയ്തതിനെ പഴിച്ചു സിപിഎം മുഖപത്രം

തോമസ് ചാണ്ടി

തിരുവനന്തപുരം∙ തോമസ് ചാണ്ടിക്കെതിരെ ലഭിച്ച പരാതി കലക്ടർക്ക് അയച്ചുകൊടുത്ത സിപിഐയുടെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനു സിപിഎം മുഖപത്രത്തിന്റെ വിമർശനം. ‘മന്ത്രിക്കെതിരെ ഉയർന്നുവന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കൈകാര്യം ചെയ്യുന്ന നടപടിയല്ല ഇവിടെ സ്വീകരിച്ചത്. ഇതും ഒരു അസാധാരണ നടപടിയാണ്’– സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനെതിരായ സിപിഎമ്മിന്റെ വിമർശനം ഏറ്റുപിടിച്ചുള്ള മുഖപ്രസംഗത്തിൽ ‘ദേശാഭിമാനി’ പറയുന്നു. ചാണ്ടി പ്രശ്നത്തിൽ അഡ്വക്കറ്റ് ജനറൽ മുഖ്യമന്ത്രിക്കു നൽ‍കിയ നിയമോപദേശത്തിന്റെ വിശദാംശങ്ങളും പത്രം വ്യക്തമാക്കി.

2014 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ കലക്ടറുടെ അന്വേഷണ റിപ്പോർട്ടിലെയും കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിലെയും നിഗമനങ്ങളിൽ ചിലതു പരസ്പരവിരുദ്ധമാണ്. ‘2014 നവംബറിലെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരുന്ന മൂന്നു നികത്തലുകളിൽ രണ്ടാമത്തേതിനെതിരെ നിയമത്തിലെ 13–ാം വകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടെന്ന അന്നത്തെ കലക്ടറുടെ നിഗമനത്തിൽ നിന്നു വ്യത്യസ്തമാണു പുതിയ റിപ്പോർട്ടിലെ നിഗമനങ്ങൾ. ഇതു നിലനിൽക്കത്തക്കതല്ലെന്നു നിയമോപദേശം ലഭിച്ചതിനെത്തുടർന്നാണു മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിച്ചത്’.

മന്ത്രിസഭായോഗത്തിൽ നിന്നു വിട്ടുനിൽക്കാൻ മാത്രം എന്ത് അസാധാരണത്വമാണ് ഉണ്ടായതെന്നു മുഖപ്രസംഗം ചോദിക്കുന്നു. മന്ത്രിസഭായോഗം ബഹിഷ്കരിക്കത്തക്ക ഗുരുതര സാഹചര്യം വന്നാൽ മുന്നണി നേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യം ചെയ്യേണ്ടിയിരുന്നത്– മുഖപ്രസംഗം അഭിപ്രായപ്പെട്ടു. പിൻവാങ്ങാതെ സിപിഐ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനെ ന്യായീകരിച്ച് ഒന്നാം പേജിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചു സിപിഎമ്മിനെ പ്രകോപിപ്പിച്ച സിപിഐ മുഖപത്രവും ഉറച്ചുതന്നെ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾക്ക് എണ്ണിയെണ്ണി ഉത്തരം ഒന്നാം പേജിൽ തന്നെ ‘ജനയുഗം’ പ്രസിദ്ധീകരിച്ചു. കോടിയേരിയുടെ ആക്ഷേപങ്ങൾ ആദ്യം പറഞ്ഞശേഷം സിപിഐ അസി. സെക്രട്ടറി കെ.പ്രകാശ് ബാബു നൽകിയ മറുപടികളാണു പത്രം നൽകിയത്.