ജിഷ്ണു കേസ്: ജാമ്യം ചോദ്യംചെയ്ത് സർക്കാർ ഹർജി

ജിഷ്‌ണു പ്രണോയി

ന്യൂഡൽഹി ∙ ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കു ജാമ്യം നൽകിയതു ചോദ്യംചെയ്‌തു സംസ്‌ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി 21നു പരിഗണിക്കാൻ മാറ്റി. നേരത്തേ ഇടപെടൽ ഹർജിക്കാരിയായിരുന്ന ജിഷ്‌ണുവിന്റെ അമ്മ കെ.പി.മഹിജ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകി.

കേസ് സിബിഐയ്ക്കു വിടുന്നതു സംബന്ധിച്ചു സംസ്‌ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ട് രഹസ്യരേഖയായി ഹാജരാക്കാൻ ജഡ്‌ജിമാരായ എൻ.വി.രമണ, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു. പൊലീസ് മേധാവിയായിരുന്ന ടി.പി.സെൻകുമാർ നൽകിയ കുറിപ്പിന്റെയും ജിഷ്‌ണുവിന്റെ പിതാവിന്റെ നിവേദനത്തിന്റെയും പകർപ്പുകളാണു കോടതിക്കു ലഭ്യമാക്കിയത്. പൊലീസ് മേധാവി കീഴുദ്യോഗസ്‌ഥർക്കു നൽകിയ നിർദേശത്തിന്റെ രേഖയും അതുൾപ്പെടുത്തി ആഭ്യന്തര സെക്രട്ടറിക്കു നൽകിയ കത്തുമാണ് ഔദ്യോഗിക രേഖകളെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ജിഷ്‌ണുവിന്റെ പിതാവ് മലയാളത്തിൽ നൽകിയ നിവേദനത്തിന്റെ പരിഭാഷ കോടതിക്കു ലഭ്യമാക്കിയില്ല. ഇതു കേസിനോടുള്ള സർക്കാരിന്റെ സമീപനത്തിന്റെ തെളിവാണെന്നു മഹിജയുടെ അഭിഭാഷകൻ ജെയ്‌മോൻ ആൻഡ്രൂസ് കുറ്റപ്പെടുത്തി. സർക്കാരിനുവേണ്ടി സ്‌റ്റാൻഡിങ് കൗൺസൽ സി.കെ.ശശി ഹാജരായി.