നടിയെ ഉപദ്രവിച്ച കേസ്: കുറ്റപത്രം 22നകം സമർപ്പിക്കാൻ സാധ്യത

ആലുവ ∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ കുറ്റപത്രം പൊലീസ് ബുധനാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരടു നേരത്തെ തയാറാക്കിയിരുന്നു. നിയമോപദേശകരുടെ നിർദേശം അനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോൾ വരുത്തുന്നത്.

ഇതു ടൈപ്പ് ചെയ്യാൻ എസ്പി ഓഫിസിലെ മൂന്നു ജീവനക്കാരെ പൊലീസ് ക്ലബിലേക്കു നിയോഗിച്ചു. കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുപോകരുതെന്ന് ഇവർക്കു കർശന നിർദേശം നൽകി. കേസിന്റെ വിചാരണ പെട്ടെന്നു പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണമെന്നും രഹസ്യവിചാരണ നടത്തണമെന്നും പൊലീസ് ആവശ്യപ്പെടും. 

സംഭവദിവസം നടൻ ദിലീപ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞുവെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴിയും തമ്മിൽ പൊരുത്തക്കേടു തോന്നിയതിനാൽ ബുധനാഴ്ച ദിലീപിനെ പൊലീസ് വീണ്ടും ചോദ്യംചെയ്തിരുന്നു. 

സഹോദരൻ അനൂപിന്റെയും മൊഴിയെടുത്തു. കേസുമായി മുൻപു ബന്ധപ്പെട്ട രണ്ട് അഭിഭാഷകരെയും പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചിരുന്നു. 

മെഡിക്കൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു പ്രത്യേക കേസ് കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപു റജിസ്റ്റർ ചെയ്യണോ എന്ന കാര്യം പൊലീസ് പരിഗണിക്കുന്നുണ്ട്. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറും ആശുപത്രി ജീവനക്കാരിൽ ചിലരും കേസിൽ സാക്ഷികളായേക്കും.