കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത് 15 കോടി രൂപയുടെ കൊക്കെയ്ൻ

അലക്സിസ് റെഗലാഡോ ഫെർണാണ്ടസ്

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 3.69 കിലോഗ്രാം കൊക്കെയ്നുമായി പിടിയിലായ പാരഗ്വായ് സ്വദേശി അലക്സിസ് റെഗലാഡോ ഫെർണാണ്ടസ് (30) രാജ്യാന്തര ലഹരി മരുന്നു സംഘത്തിലെ കണ്ണി. അലക്സിസ് ഇന്ത്യയിലെത്തിയത് ആദ്യമായാണെന്നു പാസ്പോർട്ടിൽ കാണുന്നെങ്കിലും ഇയാൾക്ക് ഒന്നിലേറെ പാസ്പോർട്ടുകൾ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. അലക്സിസിനെ ഇന്നു കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ലഹരി മരുന്നു പിടിത്തമാണിതെന്നു കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു. കഴിഞ്ഞ മാസം ചെന്നെയിൽ നിന്ന് ഇതേ അളവിൽ കൊക്കെയ്ൻ  മറ്റൊരു വിദേശിയിൽ നിന്നു പിടികൂടിയിരുന്നു. 

കൊച്ചിയിൽ പിടികൂടിയ കൊക്കെയ്ൻ ഏറ്റവും മുന്തിയതും ശുദ്ധവുമായ ഇനമാണെന്നു എൻസിബി വ്യക്തമാക്കി. ആദ്യം നാലു കോടിയോളം രൂപയാണ് ഇതിനു മൂല്യം കണക്കാക്കിയതെങ്കിലും ഇന്നലെ നടത്തിയ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമുള്ള പുനർമൂല്യനിർണയത്തിലാണ് 15 കോടിയോളം രൂപ കണക്കാക്കിയത്. അതായത് ഗ്രാമിന് 40,650 രൂപ.

ഞായറാഴ്ച രാത്രി ബെംഗളൂരു വഴി ഗോവയ്ക്ക് പോകാനായി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള ദേഹ പരിശോധന നടത്തുമ്പോൾ സിഐഎസ്എഎഫ് ഇൻസ്പെക്ടർ ജി. ശ്രീനിവാസ റാവുവിനു സംശയം തോന്നി വിശദ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വയറിന്റെ ഭാഗത്തു നിന്നും കണങ്കാലിന്റെ മുകൾ ഭാഗത്തു നിന്നുമായി പാഡിലൊളിപ്പിച്ച വിധത്തിൽ അഞ്ചു പാക്കറ്റുകളിലായി ഒളിപ്പിച്ച കൊക്കൈയ്ൻ കണ്ടെത്തി. പരിശോധനയിൽ ലഹരിമരുന്ന് ആണെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നു നർകോട്ടിക് കൺട്രോൾ ബ്യൂറോയെ വിവരമറിയിച്ചു. 

ഞായറാഴ്ച രാവിലെ ബ്രസീലിലെ സാവോ പോളോയിൽ നിന്നു ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. ഇവിടെ ഹോട്ടലിൽ തങ്ങിയ ശേഷം രാത്രി ഗോവയ്ക്കു പോകാനായി വീണ്ടും വിമാനത്താവളത്തിലെത്തിയപ്പോഴാണു സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. 

ഇയാൾ പല പാസ്പോർട്ടുകളുപയോഗിച്ച് ഒട്ടേറെത്തവണ കള്ളക്കടത്തു നടത്തിയിട്ടുണ്ടെന്നാണു കരുതുന്നത്. കൊച്ചിയിലെത്തിയപ്പോൾ അലക്സിസിന് സൗകര്യങ്ങളൊരുക്കിയവരെ കണ്ടെത്താൻ എൻസിബിയും പൊലീസും ശ്രമമാരംഭിച്ചു. ഇയാളുടെ ഗോവൻ ബന്ധവും അന്വേഷിക്കുന്നുണ്ട്.