ട്രെയിനുകളുടെ വേഗം കുറച്ചു റെയിൽവേ; യാത്രാദുരിതം തീർക്കാൻ നടപടിയില്ല

കൊച്ചി ∙ ട്രെയിനുകളുടെ വേഗം കൂട്ടി യാത്രാസമയം കുറയ്ക്കുമെന്ന കേന്ദ്രനയം അട്ടിമറിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. നവംബർ ഒന്നിനു നടപ്പായ പുതിയ സമയക്രമത്തിലാണു വേഗം കൂട്ടാതെ ട്രെയിനുകളുടെ ഓട്ടത്തിന് അധികസമയം നൽകി യാത്രക്കാരെ റെയിൽവേ പറ്റിച്ചത്.

ട്രെയിനുകൾക്കു തിരുവനന്തപുരം മുതൽ എറണാകുളം വരെ ഓടിയെത്താൻ നേരത്തേയുള്ളതിനേക്കാൾ കൂടുതൽ സമയമാണു നൽകിയത്. മിഷൻ റഫ്താർ എന്ന പേരിൽ രാജ്യമെങ്ങും ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള ശ്രമം നടക്കുമ്പോഴാണു കേരളത്തിൽ മാത്രം വേഗം കുറച്ചത്. അറ്റകുറ്റപ്പണിക്കൊപ്പം മെല്ലെപ്പോക്കും കൂടിയായതോടെ കേരളത്തിലെ ട്രെയിനുകളിൽ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

വേഗ നിയന്ത്രണം മൂലം തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ വണ്ടികൾ ഇഴയുകയാണ്. പരമാവധി വേഗം മണിക്കൂറിൽ നൂറു കിലോമീറ്ററിനു മുകളിലുള്ള ഇരട്ടപ്പാതകളിൽ പോലും വണ്ടികൾ മെല്ലെയോടുന്നു.  എന്നാൽ തിരുവനന്തപുരത്തോ എറണാകുളത്തോ വണ്ടികൾ പുറപ്പെടുന്ന സമയത്തിലും എത്തുന്ന സമയത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടില്ല.

ഇതുമൂലം വണ്ടികൾ വഴിയിൽ ഇഴഞ്ഞാലും വൈകുന്നു എന്ന പഴി റെയിൽവേയ്ക്കില്ല. ഗ്രേസ് ടൈം അഥവാ സ്ലാക്ക് ടൈം എന്ന കള്ളക്കളിയാണു ഇതിനു പിന്നിൽ. എന്നാൽ ഈ ട്രെയിനുകൾ പാലക്കാട് ഡിവിഷനിലെത്തുന്നതോടെ വേഗം കൂടുന്നുമുണ്ട്. കോട്ടയത്ത് നിന്ന് 25 കിലോമീറ്റർ അകലെ വൈക്കം റോഡ് സ്റ്റേഷനിലേക്ക് 20 മിനിറ്റിൽ എത്തുന്ന സൂപ്പർഫാസ്റ്റ് ട്രെയിന് അവിടെ നിന്ന് 34 കിലോമീറ്ററുള്ള എറണാകുളത്തെത്താൻ നൽകിയിട്ടുള്ളത് ഒരു മണിക്കൂറാണ്.

കോട്ടയം പാതയിലാണ് മിക്ക ട്രെയിനുകളുടെയും വേഗം കുറച്ചത്. പഴയ സമയത്തു തന്നെ തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിനുകളെല്ലാം 15 മുതൽ 30 മിനിറ്റു വരെ വൈകിയാണ് കൊല്ലം കഴിഞ്ഞുള്ള സ്റ്റേഷനുകളിൽ എത്തുന്നത്.

ട്രെയിനുകൾ ഓടാനുള്ള സമയം കൂട്ടിയപ്പോൾ കേരളത്തിനു കൂടുതൽ പുതിയ ട്രെയിനുകൾ നേടാനുള്ള അവസരമാണ് ഡിവിഷൻ അട്ടിമറിച്ചത്. വേഗം കൂട്ടിയാൽ ലഭിക്കേണ്ട എല്ലാ ടൈം സ്ലോട്ടുകളും അടച്ചു കൊണ്ടാണു ട്രെയിനുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. പുതിയ ട്രെയിനോടിക്കാൻ ഇടവേളയില്ലെന്നു വരുത്തി തീർക്കുന്നതിലൂടെ തിരുവനന്തപുരം-ചെങ്ങന്നൂർ റാപ്പിഡ് െറയിൽ പദ്ധതി കൂടി അട്ടിമറിക്കുക എന്ന ഗൂഢലക്ഷ്യവും ഡിവിഷനുണ്ടെന്നു സംശയിക്കുന്നു.