Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എസ് ദുർഗ’യുടെ സർട്ടിഫിക്കേഷൻ വിലക്കിയതിനെതിരെ ഹർജി

S Durga

കൊച്ചി ∙ മലയാള ചിത്രമായ ‘എസ് ദുർഗ’യുടെ സർട്ടിഫിക്കേഷൻ സെൻസർ ബോർഡ് വിലക്കിയതിനെതിരെ നിർമാതാവ് ഷാജി മാത്യുവും സംവിധായകൻ സനൽകുമാർ ശശിധരനും ഹൈക്കോടതിയിൽ ഹർജി നൽകി. കേന്ദ്ര സർക്കാരും സെൻസർ ബോർഡും ഹർജിയിൽ വിശദീകരണം നൽകണം.

ആദ്യ സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രദർശനം അനുവദിക്കണമെന്നും സർട്ടിഫിക്കേഷൻ വിലക്കിയതു മൂലം നിർമാതാവിനും സംവിധായകനുമുള്ള നഷ്ടം നികത്തണമെന്നും ആവശ്യപ്പെട്ടാണു ഹർജി. സെൻസർ ബോർഡ് 2017 ഒക്ടോബർ 10ന് സിനിമയ്ക്കു യു/എ സർട്ടിഫിക്കേഷൻ നൽകിയിരുന്നു. സർട്ടിഫിക്കേഷനു വേണ്ടി ‘സെക്സി ദുർഗ’ എന്ന പേര് ‘എസ് ദുർഗ’ എന്നാക്കി. എന്നാൽ, നവംബർ 28ന് സർട്ടിഫിക്കേഷൻ വിലക്കുകയും സിനിമയുടെ പേരിന്റെ വിവാദഭാഗം മറയ്ക്കുന്ന പ്രത്യേക രൂപരേഖയുടെ പേരിൽ പൊതുപ്രദർശനം തടയുകയുമായിരുന്നുവെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഗോവ ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിക്കുന്നതു തടയാനാണു മേളയുടെ അവസാന ദിവസം ഇങ്ങനെ ചെയ്തത്. സിനിമയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് മേളയുടെ ജൂറി കാണുന്നതിന്റെ അടിസ്ഥാനത്തിൽ സിനിമ പ്രദർശിപ്പിക്കാമെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള നടപടിയായിരുന്നു അത്. തങ്ങളുടെ വാദം കേൾക്കാതെ സർട്ടിഫിക്കേഷൻ വിലക്കിയതു സ്വാഭാവിക നീതിനിഷേധമാണെന്നു ഹർജിക്കാർ ആരോപിച്ചു. പേരിനെച്ചൊല്ലി കൂടുതൽ എതിർപ്പുന്നയിക്കുന്നതു തടയണമെന്നും ആവശ്യമുണ്ട്.