Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവ ചലച്ചിത്രോത്സവം: പാർവതി മികച്ച നടി, പുരസ്കാരം ‘ടേക്ക് ഓഫി’ലെ അഭിനയത്തിന്

Parvathy മികച്ച നടിക്കുള്ള പുരസ്കാരം നടി പാർവതി ഐഎഫ്എഫ്ഐ വേദിയിൽ ഏറ്റുവാങ്ങുന്നു. ചിത്രം: മനോരമ ഓൺലൈൻ

പനജി∙ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളി താരം പാർവതി മികച്ച നടി. നവാഗത സംവിധായകൻ മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലെ അഭിനയ മികവിനാണു പുരസ്കാരം. ‘ടേക്ക് ഓഫി’ന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. ഇന്ത്യയുടെ നാൽപത്തിയെട്ടാം രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്ഐ)യിൽ പ്രദർശിപ്പിച്ച ഒരേയൊരു മലയാള ഫീച്ചർ ചിത്രവും ‘ടേക്ക് ഓഫ്’ ആയിരുന്നു. 

യുദ്ധ കലുഷിതമായ ഇറാഖിൽ അകപ്പെട്ടുപോകുന്ന സമീറയെന്ന മലയാളി നഴ്സിന്റെ വേഷമായിരുന്നു ‘ടേക്ക് ഓഫി’ൽ പാർവതിക്ക്. കേരളത്തിലെ നഴ്സുമാർക്കും പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന എല്ലാ വനിതകൾക്കുമാണ് പാർവതിയും മഹേഷും തങ്ങളുടെ അവാർഡുകൾ സമർപ്പിച്ചത്. ഉത്തർപ്രദേശ് വനിതാക്ഷേമമന്ത്രി റീത്ത ബഹുഗുണ ജോഷി പാർവതിക്കു പുരസ്കാരം സമ്മാനിച്ചു. രജതമയൂരത്തിനൊപ്പം 10 ലക്ഷം രൂപയാണു സമ്മാനം. സ്പെഷൽ ജൂറി പ്രൈസായി മഹേഷ് നാരായണനു രജതമയൂരവും 15 ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു.

ഫ്രഞ്ച് ചിത്രം ‘120 ബീറ്റ്സ് പെർ മിനുറ്റ്’  മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം നേടി. റൊബാൻ കപ്പീല്യോ ആണ് ചിത്രത്തിന്റെ സംവിധായകൻ. 40 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണു പുരസ്കാരം.  ചിത്രത്തിലെ അഭിനയത്തിന് അർജന്റീനിയൻ താരം നയുവെൽ പെരെസ് ബിസ്കയർ മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി. രജതമയൂരത്തിനൊപ്പം 10 ലക്ഷം രൂപയാണു സമ്മാനം.

‘ഏയ്ഞ്ചൽസ് വെയർ വൈറ്റ്’ ഒരുക്കിയ ചൈനയുടെ വിവിയൻ ക്യുവിനാണ് മികച്ച സംവിധായികയ്ക്കുള്ള രജതമയൂരം. 15 ലക്ഷം രൂപയും രൂപയും ഫലകവും പ്രശസ്തിപത്രവുമാണു പുരസ്കാരം. മികച്ച ചിത്രമൊരുക്കിയ പുതുമുഖസംവിധായകനുള്ള പുരസ്കാരം ബൊളീവിയയിൽ നിന്നുള്ള കിറോ റൂസോയ്ക്കാണ്–ചിത്രം ഡാർക് സ്കൾ. ഐസിഎഫ്ടി–യുനെസ്കോ ഗാന്ധി മെഡലിന് മനോജ് കഥാമിന്റെ മറാത്തി ചിത്രം ‘ക്ഷിതിജ്’ നേടി. കനേഡിയൻ സംവിധായകൻ ആറ്റമി ഗോയനാണ് ലൈഫ്ടൈം അചീവ്മെന്റ് പുരസ്കാരം. ഇന്ത്യൻ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം അമിതാഭ് ബച്ചനും സമ്മാനിച്ചു.

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, കത്രീന കൈഫ്, സിദ്ധാർഥ് മൽഹോത്ര തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് നിശ. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ തുടങ്ങിയവരും പങ്കെടുത്തു.

related stories