ജിഷ്‌ണുവിന്റെ മരണം സിബിഐ അന്വേഷിക്കും

ന്യൂഡൽഹി ∙ പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സിബിഐ അഞ്ചു മാസം വൈകിച്ചതു തെളിവുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയിരിക്കാമെന്നു ജഡ്‌ജിമാരായ എൻ.വി.രമണ, എസ്.അബ്‌ദുൽ നസീർ എന്നിവരുടെ ബെഞ്ച് വാക്കാൽ വിമർശിച്ചു.

നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്‌ണദാസ് ഉൾപ്പെടെ കേസിലെ ഏഴു പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. അന്വേഷണത്തിനിടെ ഇവരുടെ ജാമ്യം റദ്ദാക്കണമെന്നുണ്ടെങ്കിൽ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നു ബെഞ്ച് പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കുമെന്ന സർക്കാർ തീരുമാനം അഡീഷനൽ സോളിസിറ്റർ ജനറൽ (എഎസ്‌ജി) പിങ്കി ആനന്ദാണു കോടതിയെ അറിയിച്ചത്. കേസ് അന്വേഷിക്കാൻ സിബിഐ വിസ്സമ്മതിച്ചശേഷം കേന്ദ്ര സർക്കാർ മറിച്ചു തീരുമാനിക്കുന്നത് അപൂർവമാണെന്ന് എഎസ്‌ജി പറഞ്ഞു.

രണ്ടാം പ്രതി കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്‌തിവേലിനു ജാമ്യം നൽകിയതു ചോദ്യം ചെയ്‌തുള്ള സംസ്‌ഥാന സർക്കാരിന്റെ ഹർജിയും സിബിഐ അന്വേഷണം വേണമെന്ന ജിഷ്‌ണുവിന്റെ അമ്മ കെ.പി.മഹിജയുടെ അപേക്ഷയുമാണു കോടതി ഇന്നലെ തീർപ്പാക്കിയത്. ചാലക്കുടി ഡിവൈഎസ്‌പി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷിച്ച കേസിൽ ചില തെളിവുകളുടെ ശാസ്‌ത്രീയ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്.

അന്വേഷണം സിബിഐക്കു വിടാൻ തീരുമാനിച്ചു കഴിഞ്ഞ ജൂൺ 15ന് ആണു സംസ്‌ഥാന സർക്കാർ വിജ്‌ഞാപനമിറക്കിയത്. എന്നാൽ, അമിത ജോലിഭാരമുണ്ടെന്നു വ്യക്‌തമാക്കി സംസ്‌ഥാനത്തിന്റെ ആവശ്യം സിബിഐ തള്ളി. സംസ്‌ഥാനം ആവശ്യപ്പെടുമ്പോൾ തീരുമാനമെടുക്കേണ്ടതു സിബിഐ അല്ലെന്ന സംസ്‌ഥാന സർക്കാരിന്റെ വാദത്തോട് എഎസ്‌ജിയും യോജിച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കുന്നതാവും ഉചിതമെന്ന നിലപാടാണു കോടതിയും സ്വീകരിച്ചത്. സംസ്‌ഥാന സർക്കാരിനുവേണ്ടി ഹരേൻ പി.റാവലും സ്‌റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയും മഹിജയ്‌ക്കുവേണ്ടി ജെയ്‌മോൻ ആൻഡ്രൂസും ശക്‌തിവേലിനുവേണ്ടി കെ.വി.വിശ്വനാഥനും രഞ്‌ജിത് മാരാരും ഹാജരായി.

ജിഷ്ണു പ്രണോയ് കേസ്: നീതി തേടി വിദ്യാർഥി സംഘടനകളും അമ്മയും 

തൃശൂർ പാമ്പാടി നെഹ്റു കോളജിലെ ഒന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ജിഷ്ണു പ്രണോയ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ ജനുവരി ആറിനാണു കണ്ടെത്തിയത്. കോളജ് അധികൃതരുടെ പീഡനം മൂലമാണെന്നാരോപിച്ച് വിവിധ വിദ്യാർഥി, യുവജന സംഘടനകൾ രംഗത്തു വന്നു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കേസിൽ നീതി തേടിയെത്തിയ അമ്മ മഹിജയെ തലസ്ഥാനത്തു ഡിജിപി ഓഫിസിനു മുന്നിലെ തെരുവിൽ പൊലീസ് വലിച്ചിഴച്ച സംഭവത്തിനെതിരായും വ്യാപക പ്രതിഷേധം ഉയർന്നു.