തിരുവനന്തപുരം ഡിവിഷൻ മാറ്റൽ പരിഗണനയിലില്ല: കേന്ദ്രമന്ത്രി

തിരുവനന്തപുരം∙ നേമം മുതൽ തിരുനെൽവേലി വരെ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലുള്ള 160 കിലോമീറ്റർ റെയിൽപാത മധുര ഡിവിഷനിലേക്കു മാറ്റാനുള്ള നടപടികളൊന്നും ഇപ്പോൾ പരിഗണനയിലില്ലെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. കേരളത്തിൽ റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി.സുധാകരന് അയച്ച കത്തിലാണു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 

കേരളത്തിന്റെ റെയിൽവേ വികസനത്തിനു തിരിച്ചടിയാകുന്ന റെയിൽപാത വിഭജിക്കൽ അവസാനിപ്പിക്കണമെന്നും കേരളത്തിന് എറണാകുളം കേന്ദ്രമായി റെയിൽവേ പെനിൻസുലാർ സോൺ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു മന്ത്രി ജി.സുധാകരൻ റെയിൽവേ മന്ത്രിക്കു കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനു കത്തയച്ചിരുന്നു.