അട്ടപ്പാടിയിൽ പ്ലാറ്റിനത്തിന്റെ ശേഖരം കണ്ടെന്നു സൂചന

അട്ടപ്പാടിയിലെ വെള്ളമാരി മലവാരം

അഗളി∙ അട്ടപ്പാടിയിൽ പ്ലാറ്റിനത്തിന്റെ (വെളുത്തസ്വർണം) വൻ ശേഖരം കണ്ടെത്തിയതായി സൂചന. അഗളി പഞ്ചായത്തിലെ വടകോട്ടത്തറ കൽക്കണ്ടിയൂരിനടുത്ത് അട്ടപ്പാടി വനം റേഞ്ച് പരിധിയിലെ വെള്ളമാരി മലവാരത്തിൽ വൻ തോതിൽ പ്ലാറ്റിനം ഉളളതായിട്ടാണ് ഗവേഷകർക്ക് സൂചന ലഭിച്ചത്. ഏതാനും വർഷമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ ഇവിടെ പഠനം നടത്തുന്നുണ്ട്.


പ്രാഥമിക ഗവേഷണങ്ങളിൽ നിന്നു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിപുലമായ പഠനത്തിനും സാംപിളുകൾ ശേഖരിക്കുന്നതിനും കഴിഞ്ഞ ആഴ്ചയിൽ മലയിലേക്ക് റോഡ് നിർമിച്ചു. മുൻപുണ്ടായിരുന്ന റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വികസിപ്പിക്കുകയായിരുന്നു.

കേന്ദ്ര സർക്കാർ സ്ഥാപനമെന്ന നിലയിൽ അനുമതിയോടെയായിരുന്നു വനത്തിലെ സാംപിൾ ശേഖരണം. മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയെയാണ് ഈ പ്രവൃത്തിക്കായി ചുമതലപ്പെടുത്തിയത്.

റോഡ് നിർമിച്ചതിന് കേസ്

അതേസമയം, അനുമതിയില്ലാതെ വനത്തിലൂടെ ഒരു കിലോമീറ്ററോളം റോഡ് നിർമിച്ചതിന് വനം വകുപ്പ് ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റു മൂന്നു പേ‍ർക്കെതിരെ കേസെടുക്കുകയും ചെയ്തു. കമ്പനി പ്രതിനിധി ദിലീപ്കുമാർ ദാസിനെയാണ് അറസ്റ്റ്ചെയ്തത്.

ജെസിബി ഓപ്പറേറ്റർക്കും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗവേഷകർക്കും എതിരെയാണ് കേസ്. ദിലീപ്കുമാർ ദാസിനെ മണ്ണാർക്കാട് കോടതി റിമാൻഡ് ചെയ്തെങ്കിലും ഇന്നലെ ജാമ്യത്തിൽ വിട്ടയച്ചു.