നിയുക്ത അധ്യക്ഷൻ രാഹുലിന് നിറഞ്ഞ പിന്തുണ

തിരുവനന്തപുരം∙ മുദ്രാവാക്യങ്ങളും ബാനറുകളും പോസ്റ്ററുകളും മൂവർണ ബലൂണുകളുമൊക്കെയായി രാഹുലിന്റെ കോൺഗ്രസ് ‘അധ്യക്ഷ പദവി’ ആഘോഷമാക്കി പടയൊരുക്കം വേദി. സമ്മേളനത്തിനു മണിക്കൂറുകൾക്കു മുൻപേ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. അഞ്ചര മണിയോടെ രാഹുൽ ഗാന്ധി എത്തി അഭിവാദ്യം ചെയ്തതോടെ സ്റ്റേഡിയം ആവേശക്കടലായി. ജാഥ വൻ വിജയമാക്കിയതിനെ രാഹുൽ അഭിനന്ദിച്ചു. ചികിൽസയിലുള്ള മുതിർന്ന നേതാവ് എ.കെ.ആന്റണി അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

ഓഖി ദുരന്തത്തിൽ അറുപതിലേറെ പേർ മരിച്ചിട്ടും ഫോണിൽ പോലും വിളിച്ച് അന്വേഷിക്കാനുള്ള മര്യാദപോലും പ്രധാനമന്ത്രി കാണിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പടയൊരുക്കം തീർന്നതോടെ യുഡിഎഫിന്റെ പടയോട്ടം തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി, മുകുൾ വാസ്നിക്, എം.എം.ഹസൻ, പി.പി.തങ്കച്ചൻ, കെ.സി. വേണുഗോപാ‍ൽ, ഘടകകക്ഷിനേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, വർഗീസ് ജോർജ്, ജി.ദേവരാജൻ എന്നിവർ പ്രസംഗിച്ചു. ജ്യോതി വിജയകുമാറാണ് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. മുസ്‌ലിം ലീഗ് മുൻ അധ്യക്ഷൻ‌ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പുസ്തകം സാദിഖലി ശിഹാബ് തങ്ങൾ രാഹുൽ ഗാന്ധിക്കു സമ്മാനിച്ചു. രാവിലെ രാഹുലിനെ സ്വീകരിക്കാൻ എത്തിയ വി.എം.സുധീരൻ പടയൊരുക്കം സമാപനത്തിൽ നിന്നു വിട്ടുനിന്നു. പൊതുസമ്മേളനം കഴിഞ്ഞു രാത്രി എട്ടുമണിയോടെ രാഹുൽ ഡൽഹിക്കു മടങ്ങി.