Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവരണത്തിൽ എസ്എൻഡിപിക്ക് ഇരട്ടത്താപ്പ്: കോടിയേരി

Kodiyeri Balakrishnan

കായംകുളം ∙ എയ്ഡഡ് കോളജ് അധ്യാപക നിയമനത്തിൽ പട്ടിക വിഭാഗങ്ങൾക്കു സംവരണം നൽകണം എന്നു ഹൈക്കോടതി വിധിയുണ്ടായപ്പോൾ അതിനെതിരെ അപ്പീൽ പോയ എസ്എൻഡിപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ഭാഗത്തു സാമുദായിക സംവരണത്തിനുവേണ്ടി വാദിക്കുകയും മറുഭാഗത്ത് സംവരണം നൽകാനുള്ള ഉത്തരവിനെ എതിർക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കാനാവില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോയ എൻഎസ്എസിനു സംവരണ കാര്യത്തിലുള്ള നിലപാടു മനസിലാകും. എന്നാൽ എസ്എൻഡിപി നേതൃത്വം അപ്പീൽപോയത് അദ്ഭുതപ്പെടുത്തി. ദേവസ്വംബോർഡ് നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സംവരണം ഏർപ്പെടുത്തിയതു സാമൂഹികനീതി ഉറപ്പുവരുത്താനാണെന്നും കോടിയേരി പറഞ്ഞു. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. 

സർക്കാരിന് പിന്നാക്കാഭിമുഖ്യം ഇല്ല: വെള്ളാപ്പള്ളി

ഭരണഘടനാവിരുദ്ധമായി മുന്നാക്ക വിഭാഗങ്ങൽക്കു സാമ്പത്തിക സംവരണം നൽകുന്നതു സർക്കാരിന്റെ പിന്നാക്കാഭിമുഖ്യം ഇല്ലായ്മയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരോഗ്യകാരണങ്ങളാൽ സെമിനാറിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി.മന്മഥൻ വായിച്ചു. പ്രകടനപത്രികയിലുള്ളതാണെന്നു പറഞ്ഞു ഭരണഘടനയ്ക്കും സുപ്രീംകോടതി വിധിക്കും എതിരായ തീരുമാനം നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. പിന്നാക്ക സമുദായങ്ങൾക്ക് അനുകൂലമായ നിലപാടും നയവും കൂടി സർക്കാർ സ്വികരിക്കണമെന്നും പ്രസംഗത്തിൽ പറഞ്ഞു.

related stories