Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി പാർവതിയുടെ പരാതി: യുവാവ് അറസ്റ്റിൽ

Parvathy പാർവതി

കൊച്ചി ∙ നടി പാർവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എൽ. പ്രിന്റോയാണ് (23) അറസ്റ്റിലായത്. പെയിന്റിങ് ജോലിക്കാരനായ പ്രിന്റോയെ ഇന്നലെ രാവിലെ വടക്കാഞ്ചേരിയിലെ വീട്ടിൽനിന്ന് എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

നടിക്കെതിരെ ഫെയ്സ്ബുക്കിൽ ഏഴു പോസ്റ്റുകൾ ഇയാൾ പ്രചരിപ്പിച്ചെന്നും തന്റെ ആരാധനാപാത്രമായ നടന്റെ സിനിമയെ വിമർശിച്ചതിനാണു പ്രചാരണം നടത്തിയതെന്നു സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 10നു തിരുവനന്തപുരം ടഗോർ തിയറ്ററിൽ സംഘടിപ്പിച്ച സംവാദത്തിൽ കസബ ഉൾപ്പെടെ ചില ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പാർവതി പ്രതികരിച്ചിരുന്നു. ഇതേത്തുടർന്ന്, പാർവതി മമ്മൂട്ടിച്ചിത്രമായ കസബയെ വിമർശിച്ചുവെന്ന തരത്തിൽ പാർവതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നു.

printo പ്രിന്റോ

വ്യക്തിഹത്യ നടത്തുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും പ്രചാരണമെത്തിയതോടെയാണു നടി കൊച്ചി റേഞ്ച് ഐജിക്കു പരാതി നൽകിയത്. ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി പ്രകാരവുമാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ അന്വേഷിക്കുകയാണെന്നും സൗത്ത് സിഐ സിബി ടോം പറഞ്ഞു. സിഐയുടെ നേതൃത്വത്തിൽ എസ്ഐ ദ്വിജേഷ്, എസ്ഐ തങ്കച്ചൻ, എഎസ്ഐമാരായ ശിവൻകുട്ടി, ജോയ്കുമാർ, സിപിഒ അനിൽ എന്നിവരുൾപ്പെട്ട സംഘമാണു കേസന്വേഷിക്കുന്നത്.

related stories