ഫിലിപ്പീൻസ് യുവതി കൊണ്ടുവന്ന 25 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ പിടിച്ചു

പിടിയിലായ ബിയാഗ് ജോന്ന ഡി ടോറെസ്, സ്യൂട്ട്കേസിൽ പ്രത്യേക പ്ലാസ്റ്റിക് അറയുണ്ടാക്കി കൊക്കെയ്ൻ ഒളിപ്പിച്ച നിലയിൽ.

നെടുമ്പാശേരി (കൊച്ചി)∙ രാജ്യാന്തര വിപണിയിൽ 25 കോടി രൂപ വിലവരുന്ന കൊക്കെയ്ൻ ലഹരിമരുന്ന് വിമാനത്താവളത്തിൽ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ഒമാൻ എയർ വിമാനത്തിൽ മസ്കത്ത്‌വഴി എത്തിയ ഫിലിപ്പീൻസ് യുവതി ബിയാഗ് ജോന്ന ഡി ടോറെസാണ് (36) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്നായിരുന്നു എൻസിബി ഉദ്യോഗസ്ഥരുടെ പരിശോധന. ഉയർന്ന നിലവാരമുള്ള 4.75 കിലോ ഗ്രാം കൊക്കെയ്നാണു പിടികൂടിയത്. ഇന്ത്യയിൽ കൊക്കെയ്ൻ കിലോഗ്രാമിന് അഞ്ചു കോടിയിലേറെ രൂപ മൂല്യമുണ്ട്. അഞ്ചു കിലോഗ്രാം കൊക്കെയ്ൻ കടത്തിയാൽ മൂന്നു ലക്ഷത്തോളം രൂപ ലഭിക്കുമെന്നാണു യുവതിയുടെ മൊഴി.

ഹോങ്കോങ്ങിൽ കുട്ടികളെ പരിചരിക്കുന്ന ജോലി ചെയ്യുന്ന യുവതിയുടെ പക്കലുണ്ടായിരുന്ന പാസ്പോർട്ട് പുതിയതാണ്. ബ്രസീലിലെ സാവോപോളോയിൽ നിന്നായിരുന്നു മസ്കത്ത് വഴി യുവതിയുടെ വരവ്. ഇവരുടെ ചെക്കിൻ സ്യൂട്ട്കേസിന്റെ രഹസ്യ അറയിൽ രണ്ടു പാക്കറ്റുകളിലായാണു ലഹരിമരുന്നു സൂക്ഷിച്ചത്. വിമാനത്താവളത്തിൽ കാത്തുനിൽക്കുന്ന ഏജന്റിനു ലഹരിമരുന്നു കൈമാറാനായിരുന്നു നിർദേശം.

കേരളത്തിലെ ലഹരികടത്തു റാക്കറ്റിന്റേതെന്നു സംശയിക്കുന്ന ഫോൺനമ്പർ യുവതിയിൽനിന്ന് ഉദ്യോഗസ്ഥർക്കു ലഭിച്ചു. യുവതി പിടിക്കപ്പെട്ടതോടെ റാക്കറ്റിലെ അംഗങ്ങൾ വിമാനത്താവളത്തിൽ നിന്നു മുങ്ങി. ബിയാഗ് ജോന്ന ഡി ടോറെസിനെ ഇന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.