കൊക്കെയ്ൻ കൊച്ചി വഴി കടത്താൻ കൊണ്ടുവന്നതെന്നു സൂചന; കൂട്ടാളികൾക്കായി തിരച്ചിൽ

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 25 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി പിടിയിലായ ഫിലിപ്പീൻസ് യുവതി ബിയാഗ് ജോന്ന ഡി ടോറെസിന്റെ കൂട്ടാളികളെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. സ്യൂട്ട്കേസിൽ പ്രത്യേക അറയുണ്ടാക്കി 4.7 കിലോഗ്രാം കൊക്കെയ്നുമായി ഇവർ വിമാനത്താവളത്തിൽ പിടിയിലാവുമ്പോൾ കൂടെ മറ്റാരുമുണ്ടായിരുന്നില്ല.

ബ്രസീലിലെ സാവോപോളോയിൽ നിന്ന് ഇത്യോപ്യ, മസ്കത്ത് വഴി ഒമാൻ എയർ വിമാനത്തിൽ ഇവർ കൊച്ചിയിലെത്തിയപ്പോൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. കൊക്കെയ്ൻ കൊച്ചിയിലേക്കായി കൊണ്ടുവന്നതാകാൻ ഇടയില്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്. കൊച്ചി വഴി മറ്റേതെങ്കിലും രാജ്യത്തേക്കു കടത്താനുള്ള ശ്രമമാകാനാണു സാധ്യത.

ലഹരിമരുന്നു വിപണനകേന്ദ്രങ്ങളായ കംബോഡിയ, വിയറ്റ്നാം, മലേഷ്യ, നേപ്പാൾ, ബ്രസീൽ രാജ്യങ്ങൾ ബിയാഗ് ജോന്ന പലതവണ സന്ദർശിച്ചിട്ടുണ്ട്. രാജ്യാന്തര ലഹരികടത്തു സംഘത്തിലെ മുഖ്യകണ്ണിയാണ് ഇവരെന്ന് അന്വേഷണസംഘം കരുതുന്നു. എന്നാൽ, ഇന്ത്യയിൽ ഇവർ മുൻപു വന്നതായി പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ കൈവശമുള്ള ഹോങ്കോങ് പാസ്പോർട്ട് അധികം പഴക്കമുള്ളതല്ല. പാസ്പോർട്ട് ഇടയ്ക്കിടെ മാറുന്നതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. 

ഹോങ്കോങ്ങിലാണു യുവതി ആയയായി ജോലി ചെയ്യുന്നതെങ്കിലും ബ്രസീൽ – ഹോങ്കോങ് റൂട്ടിൽ പലതവണ യാത്ര ചെയ്തതായി കാണുന്നു. ദ്വിഭാഷിയെ ഉപയോഗിച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഒരു ഹോട്ടലിൽ തങ്ങാൻ ഇവർക്കു പദ്ധതിയുണ്ടായിരുന്നു. എന്നാൽ, ഈ ഹോട്ടലിൽ ആരാണ് ഇവരെ കാത്തിരിക്കുന്നതെന്ന വിവരം ബിയാഗ് ജോന്നയ്ക്കു കൈമാറിയിരുന്നില്ല. അതാണ് അന്വേഷണത്തിൽ മുഖ്യ വിലങ്ങുതടിയാവുന്നത്.

കൊച്ചിയിലെ ഹോട്ടലിൽ ഓൺലൈൻ വഴി മുറി ബുക്കു ചെയ്തതും ഇവരാണ്. ഇന്നലെ കോടതി അവധിയായിരുന്നതിനാൽ രാത്രിയോടെ ആലുവയിൽ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയാണു റിമാൻഡ് ചെയ്തത്. ബിയാഗ് ജോന്ന ഡി ടോറെസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.