സോളർ: സരിതയുടെ തടവുശിക്ഷ താൽക്കാലികമായി തടഞ്ഞു

(ഫയൽ ചിത്രം)

കൊച്ചി ∙ സോളർ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയിൽനിന്നു പണം തട്ടിയ കേസിൽ സരിത എസ്. നായരുടെ തടവുശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. കീഴ്‌ക്കോടതി വിധിച്ച പിഴയായ 40 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടിവയ്ക്കണമെന്നും ജഡ്ജി നിർദേശിച്ചു. നേരത്തെ 10 ലക്ഷം രൂപ കെട്ടിവച്ചിരുന്നു.

മൂന്നു വർഷവും മൂന്നു മാസവും തടവും പിഴയും ശിക്ഷിച്ച പത്തനംതിട്ട സെഷൻസ് കോടതി ഉത്തരവിനെതിരെ സരിത നൽകിയ ഹർജിയിലാണു നടപടി. പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.19 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. ബിജു രാധാകൃഷ്ണൻ കേസിൽ ഒന്നാംപ്രതിയും സരിത രണ്ടാംപ്രതിയുമാണ്. മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചതിനെതിരെ സരിത നൽകിയ അപ്പീലിൽ തടവുശിക്ഷ ശരിവച്ചും പിഴത്തുക ഭേദഗതി ചെയ്തുമായിരുന്നു സെഷൻസ് കോടതിയുടെ നടപടി. ഇതിനെതിരെയാണു ഹൈക്കോടതിയിലെത്തിയത്.