വിദ്യാഭ്യാസ മേഖലയ്ക്കു പ്രാധാന്യം നൽകി എസ്എൻഡിപി ബജറ്റ്

എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം ചേർത്തലയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. എ.എൻ.രാജൻ ബാബു, അരയക്കണ്ടി സന്തോഷ്, ഡോ. എം.എൻ.സോമൻ തുടങ്ങിയവർ സമീപം.

ചേർത്തല ∙ വിദ്യാഭ്യാസ മേഖലയ്ക്കു പ്രാധാന്യം നൽകി 65.48 കോടി രൂപയുടെ ബജറ്റിന‍് എസ്എൻഡിപി  യോഗം വാർഷിക പൊതുയോഗം അംഗീകാരം നൽകി.  ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ലീഗൽ അഡ്വൈസർ എ.എൻ.രാജൻബാബു എന്നിവർ പ്രസംഗിച്ചു.

മറ്റു പ്രമേയങ്ങൾ

∙ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പിനുള്ള വരുമാനപരിധി മൂന്നു ലക്ഷം രൂപയായി ഉയർത്തുക.

∙ പിന്നാക്ക ക്ഷേമവകുപ്പിന് ഫണ്ട് അനുവദിക്കുക.

∙ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കോളജുകളിൽ ഒഴിവുകൾ നികത്തുക.

∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സൃഷ്ടിക്കപ്പെടുന്ന മുഴുവൻ തസ്തികകളിലും പിന്നാക്ക സമുദായങ്ങൾക്കു സംവരണം ഉറപ്പാക്കുക.

∙ പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിലെ മേൽത്തട്ട് പരിധി എട്ടു ലക്ഷമായി ഉയർത്തുക.

ബജറ്റ് വകയിരുത്തൽ

∙ സ്കൂൾ, കോളജ് നിർമാണം, ഫർണ‍ിച്ചർ – 16.5 കോടി

∙ മൈക്രോ ക്രെഡിറ്റ് സ്കീം – 10 കോടി

∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വസ്തു സമ്പാദനം – 4.75 കോടി

∙ സാമൂഹിക ക്ഷേമ പരിപാടികൾ – രണ്ടു കോടി

∙ യോഗനാദം – ഒൻപതു കോടി

∙ കോളജ് പ്രവർത്തനം – 4.3 കോടി