നീലക്കുറിഞ്ഞി: കുടിയിറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിക്ക് റവന്യൂ മന്ത്രിയുടെ റിപ്പോർട്ട്

തിരുവനന്തപുരം ∙ മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയിൽ ഇപ്പോൾ താമസിക്കുന്നവരെ കുടിയിറക്കേണ്ടതില്ലെന്നും കയ്യേറ്റക്കാരെ തടയാനുള്ള സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. താമസക്കാർക്കു ഭൂരേഖകൾ ഇല്ലെങ്കിലും അവരെ ഇറക്കിവിടരുത്. സ്ഥിരതാമസക്കാരെ ഇറക്കിവിടാൻ കയ്യേറ്റക്കാർ സംഘടിതമായി ശ്രമിക്കുന്നുണ്ട്. ആറുമാസത്തിനകം പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു.

പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ ശുപാർശകൾ നൽകാൻ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.രാജു, എം.എം.മണി എന്നിവരെയാണു ചമുതലപ്പെടുത്തിയിരുന്നത്. മൂവരും ഒരുമിച്ച് ഉദ്യാനമേഖല സന്ദർശിച്ചു. കെ.രാജു സ്വന്തം നിലയ്ക്കു നേരത്തെ മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. ചന്ദ്രശേഖരനും മണിയും ഇന്നു കൂടിക്കാഴ്ച നടത്തിയശേഷം സംയുക്തമായി ശുപാർശകൾ നൽകാനാണു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച തന്നെ ചന്ദ്രശേഖരൻ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.