Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോത്സവം: വ്യാജ അപ്പീൽരേഖ കേസിലെ മുഖ്യപ്രതിക്കായി തിരച്ചിൽ നോട്ടിസ്

തൃശൂർ ∙ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടാനുള്ള അപ്പീലിനായി വ്യാജരേഖയുണ്ടാക്കിയ കേസിൽ മുഖ്യപ്രതി തിരുവനന്തപുരം കണ്ടങ്കോട്, വട്ടപ്പാറ ചിലക്കാട്ടിൽ വീട്ടിൽ സതികുമാറിനായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. അപ്പീലിനായി ബാലാവകാശ കമ്മിഷന്റെ രേഖ വ്യാജമായി ഉണ്ടാക്കിയെന്നാണ് കേസ്. 

രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുമൂന്നു പേർ‌ക്കായി തിരച്ചിൽ തുടരുകയാണ്. കമ്മിഷൻ ഓഫിസിൽനിന്നു മോഷണം പോയ സീൽ ഉപയോഗിച്ചു സതികുമാർ രേഖയുണ്ടാക്കിയെന്നാണു പൊലീസ് കരുതുന്നത്. 2015ൽ ഇവിടെനിന്നും സീൽ മോഷണം പോയിരുന്നു. കമ്മിഷനിലെ ജീവനക്കാർക്കും ഇതിൽ പങ്കുണ്ടോ എന്നു കണ്ടെത്താനായി അവരിൽനിന്നു വിവരങ്ങൾ ശേഖരിക്കും. 

നൃത്താധ്യാപകനും തുന്നൽക്കാരനുമാണു മുഖ്യപ്രതിയായ സതികുമാർ. സിബിഎസ്ഇ കലോത്സവത്തിലും ഈ സംഘം വ്യാജ അപ്പീലുകൾ ഉണ്ടാക്കിയതായി സംശയിക്കുന്നു.