ശ്രീജിവിന്റെ മരണം; സിബിഐയുടെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി ∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടി. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രത്തിലേക്കു വീണ്ടും കത്തയച്ചതായി സംസ്ഥാന സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണു സിബിഐ കോടതിയിൽ നിലപാട് അറിയിക്കേണ്ടത്. ഹർജി ചൊവ്വാഴ്ച പരിഗണിക്കും. തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവിന്റെ മരണം 2014 മേയ് 21നായിരുന്നു.

ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് മാതാവു രമണി പ്രമീളയാണു കോടതിയിലെത്തിയത്. സിബിഐക്കു വിടാൻ അനുമതി നൽകി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും അമിതജോലിഭാരമുണ്ടെന്നും തങ്ങൾ ഏറ്റെടുക്കാൻ തക്ക പ്രാധാന്യം കേസിനില്ലെന്നും പറഞ്ഞ് സിബിഐ നിരസിക്കുകയാണെന്നു ഹർജിയിൽ പറയുന്നു. സിബിഐ പ്രത്യേക സംഘത്തിന്റെ അന്വേഷണം നിർദേശിക്കണമെന്നാണ് ആവശ്യം. പാറശാല സ്റ്റേഷനിലെ സിഐ ഗോപകുമാർ, എസ്ഐ ബിജുകുമാർ, എഎസ്ഐ ഫിലിപ്പോസ് എന്നിവർ ചേർന്ന് 2014 മേയ് 19നാണു കസ്റ്റഡിയിലെടുത്തത്.

അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി ഉള്ളിൽചെന്നു ശ്രീജിവ് മരിച്ചെന്നും ആത്മഹത്യാക്കുറിപ്പുണ്ടെന്നും പൊലീസ് പറയുന്നതു ശരിയല്ലെന്നു ഹർജിയിൽ ആരോപിക്കുന്നു. ജീവിതത്തിൽ പ്രതിസന്ധികളേറെ കണ്ടിട്ടുള്ള ശ്രീജിവ് ആത്മഹത്യ ചെയ്യില്ലെന്നും, കാമുകിയുടെ വിവാഹത്തിൽ നിന്നു മാറ്റിനിർത്താൻ വേണ്ടി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും ഹർജിയിൽ പറയുന്നു. അടികൊണ്ട പാടുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഈ വിഷയം പരിഗണിച്ച പൊലീസ് കംപ്ലയിന്റ് അതോറിറ്റിയും കസ്റ്റഡി പീഡനമെന്ന നിഗമനത്തിലെത്തിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.