ശ്രീജിവിന്റെ മരണം സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യും: മനുഷ്യാവകാശ കമ്മിഷൻ

ശ്രീജിത്ത്

കോഴിക്കോട് ∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ചു കേസ് ഫയൽ പരിശോധിച്ച് ആവശ്യമെങ്കിൽ സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യുമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ ജസ്റ്റിസ് പി. മോഹനദാസ്. കേസ് ഫയൽ പരിശോധിച്ച് ആവശ്യമെങ്കിൽ ഡിജിപിയോടു വിശദീകരണം തേടുമെന്നും പറഞ്ഞു. പൊലീസുകാർ പ്രതികളായി വരുന്ന പരാതികളിൽ ശിക്ഷ കുറഞ്ഞ വകുപ്പുകൾ പ്രകാരം കേസെടുക്കുന്ന പൊലീസ്, പരാതിക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം എതിർ കേസ് ചുമത്തുന്നുവെന്ന പരാതിയും വ്യാപകമായി വരുന്നുണ്ട്.

പ്രായപൂർത്തിയാവാത്ത പ്ലസ്ടു വിദ്യാർഥിയെ മർദിച്ചതുമായി ബന്ധപ്പെട്ടു കോഴിക്കോട് മെഡിക്കൽ കോളജ് എസ്ഐ എ. ഹബീബുല്ലയ്ക്കെതിരെയുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ആസ്ഥാനത്തെ എസ്പി: വി.എം. സന്ദീപിനെ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുൻപിൽ കാലങ്ങളായി നടന്നുവരുന്ന സമരങ്ങൾ സംബന്ധിച്ചു തിരുവനന്തപുരം കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടും.