ജിത്തു വധം: ജയമോളെ റിമാൻഡ് ചെയ്തു

ജയമോളെ കോടതിയിലേക്കു കൊണ്ടുപോകുന്നതിനു ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നു പുറത്തേക്കു കൊണ്ടുവരുന്നു.

ചാത്തന്നൂർ ∙ കുരീപ്പള്ളി സെബദിയിൽ ജോബ് ജി.ജോണിന്റെ മകൻ ഒൻപതാം ക്ലാസ് വിദ്യാർഥി ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ജയമോളെ പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കൊല്ലം ഡിസിആർബി ഡിവൈഎസ്പി എം.ആർ.സതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 1.12നു ജയമോളെ കോടതിയിൽ എത്തിച്ചു. കോടതി ഹാളിലേക്കു കയറിയ ഉടനെ ജയമോൾ കുഴഞ്ഞുവീണു. വനിതാ പൊലീസ് വെള്ളം നൽകിയതോടെ ബോധക്ഷയം മാറി.

പ്രതിക്കൂട്ടിൽ കയറിയ ജയമോൾ വീണ്ടും കുഴഞ്ഞുവീണതോടെ മജിസ്ട്രേട്ടിനു സമീപം ബെഞ്ച് ഹാളിൽ കസേരയിൽ ഇരുത്തി. വല്ലതും പറയാനുണ്ടോ എന്നു മജിസ്ട്രേട്ട് ആരാഞ്ഞു. ‘ഒറ്റയ്ക്കാണ് എല്ലാം ചെയ്തത്. മറ്റാരും കൂട്ടിനില്ല’ എന്നു ജയമോൾ പറഞ്ഞു. ആശുപത്രിയിൽ പോകണോ എന്ന മജിസ്ട്രേട്ടിന്റെ ചോദ്യത്തിനു വേണ്ടെന്ന് ഉത്തരം നൽകി. മറ്റു വല്ലതും പറയാനുണ്ടോ എന്നു കോടതി ആരാഞ്ഞപ്പോൾ ഒരു പൊലീസുകാരൻ കാൽവെള്ളയിൽ ഏഴു തവണ അടിച്ചെന്ന് ജയമോൾ പറഞ്ഞു. ഇതോടെ പൊലീസിനോടു മാറി നിൽക്കാൻ മജിസ്ട്രേട്ട് ആവശ്യപ്പെട്ടു.

പൊലീസിനെ ഒഴിവാക്കി മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്തി. മർദിച്ചതിനു പരാതി ഉണ്ടെങ്കിൽ എഴുതി നൽകാൻ നിർദേശിച്ചപ്പോൾ പരാതി ഇല്ലെന്നു ജയമോൾ പറഞ്ഞു. 3.10നു നടപടികൾ പൂർത്തിയാക്കി ജയമോളെ കൊട്ടാരക്കര ജയിലിലേക്കു കൊണ്ടുപോയി. ജയമോളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച അപേക്ഷ നൽകും. ചാത്തന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലും കോടതി പരിസരത്തും ജയമോൾക്കെതിരെ സ്ത്രീകൾ ശകാരം ചൊരിഞ്ഞു. പൊലീസ് സ്റ്റേഷനിൽ ഭാവവ്യത്യാസമില്ലാതെ കഴിഞ്ഞ ജയമോൾ രാവിലെയും രാത്രിയിലും മറ്റും പൊലീസ് വാങ്ങി നൽകിയ ഭക്ഷണം മടി കൂടാതെ കഴിക്കുകയും ചെയ്തു.