സരിതയുടെ പക്കൽ നിന്നു കണ്ടെടുത്തത് 21 പേജുള്ള കത്തെന്ന് ജയിൽ സൂപ്രണ്ട്

കൊട്ടാരക്കര ∙ പത്തനംതിട്ട ജില്ലാ ജയിലിൽ കഴിയുമ്പോൾ സരിത എസ്.നായരുടെ പക്കൽ നിന്നു കണ്ടെടുത്തത് 21 പേജുള്ള കത്താണെന്ന് മുൻ പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മൊഴി നൽകി. കത്ത് സരിതയുടെ ആവശ്യപ്രകാരം അഭിഭാഷകനായ ഫെനി ബാലകൃഷ്ണനു കൈമാറി. ഇക്കാര്യങ്ങൾ ജയിൽ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ കെ.ബി.ഗണേഷ്കുമാർ എംഎൽഎയും സോളർ കേസ് പ്രതി സരിത എസ്.നായരും ഗൂഢാലോചന നടത്തി വ്യാജകത്ത് സൃഷ്ടിച്ചെന്ന ആരോപണവുമായി മുൻ കൊല്ലം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ജേക്കബ് നൽകിയ ഹർജിയിലാണു മൊഴിയെടുത്തത്. 25 പേജുള്ള കത്താണ് ഹാജരാക്കിയതെന്നാണ് സരിതയുടെ അവകാശവാദം. ജയിൽ സൂപ്രണ്ടിന്റെ മൊഴിയോടെ വ്യാജരേഖ ചമയ്ക്കൽ കേസ് നിർണായക വഴിത്തിരിവിലെത്തി.

ജയിൽ ഇന്റർവ്യു റജിസ്റ്ററിന്റെയും കൈപ്പറ്റ് രസീതിന്റെയും പകർപ്പു കോടതിയിൽ ഹാജരാക്കി. അസൽരേഖകൾ 29നു ഹാജരാക്കാൻ പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ടിനു കോടതി നിർദേശം നൽകി.

2013 ജൂലൈ ഇരുപത്തിയൊന്നിനാണ് സരിതയുടെ കത്ത് ലഭിച്ചത്. എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കി തിരികെ പത്തനംതിട്ട ജില്ലാ ജയിലിലേക്കു കൊണ്ടുവന്നപ്പോൾ വനിതാ വാർഡൻമാർ ദേഹപരിശോധന നടത്തിയപ്പോഴാണ് കത്ത് കണ്ടെത്തിയത്. കത്തിനെക്കുറിച്ചു ചോദിച്ചപ്പോൾ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനു നൽകാനുള്ളതാണെന്നു പറഞ്ഞു. കേസ് നടത്താനായി കത്ത് ഏൽപ്പിക്കണമെന്ന് സരിത ആവശ്യപ്പെട്ടതിനാൽ ജയിൽ രേഖകളിൽ ഉൾപ്പെടുത്തിയ ശേഷം 2013 ജൂലൈ 24നു കത്ത് ഫെനി ബാലകൃഷ്ണനു കൈമാറി.

ഗണേഷ്കുമാറിന്റെയും സരിതയുടെയും ഫോൺ വിളികളുടെ വിശദാംശങ്ങളും ലൊക്കേഷനുകളും സുധീർ ജേക്കബ് ഹാജരാക്കി. കേസ് 29നു വീണ്ടും പരിഗണിക്കും.