കാനം രാജേന്ദ്രൻ മനോരമ ന്യൂസ് വാർത്താതാരം

കൊച്ചി∙ മനോരമ ന്യൂസ് ‘ന്യൂസ്മേക്കർ 2017’ പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എംആർഎഫ് വേപോക്യുർ പെയിന്റ്സിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് സംഘടിപ്പിച്ച അഭിപ്രായ വോട്ടെടുപ്പിലാണു കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്.

‘താൻ സ്വീകരിച്ച യഥാർഥ ഇടതുപക്ഷ നിലപാടുകൾക്കുള്ള ജനപിന്തുണയായാണു പുരസ്കാരത്തെ കാണുന്നതെന്നു കാനം പ്രതികരിച്ചു. തന്റെ നിലപാടുകൾ സിപിഎമ്മിന് എതിരായിരുന്നില്ല. ഇടതുപക്ഷ നിലപാടുകളിൽനിന്നു വ്യതിചലിക്കാതിരിക്കാനാണു വിമർശനങ്ങൾ നടത്തിയത്. മുന്നണിക്കുള്ളിൽ മാത്രമല്ല പരസ്യമായും ചിലപ്പോൾ വിമർശനങ്ങൾ ഉന്നയിക്കേണ്ടിവരും. തന്നെ വിമർശിക്കുന്നവരോട് അസഹിഷ്ണുതയില്ല. വിമർശനങ്ങളിൽ ശരിയുണ്ടെങ്കിൽ അതു തിരുത്താനും ശൈലിയിൽ മാറ്റം വരുത്താനും തയാറാണ്’– കാനം പറഞ്ഞു.

മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ എഴുത്തുകാരൻ എൻ.എസ്. മാധവനാണു പുരസ്കാരം പ്രഖ്യാപിച്ചത്. ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയാണു കാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നരമാസം നീണ്ടുനിന്ന ന്യൂസ്മേക്കർ വോട്ടെടുപ്പിൽ ലക്ഷക്കണക്കിനു പ്രേക്ഷകർ പങ്കെടുത്തു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, നടി പാർവതി എന്നിവരാണ് അന്തിമപട്ടികയിൽ കാനം രാജേന്ദ്രനൊപ്പം ഉണ്ടായിരുന്നത്. ന്യൂസ്മേക്കർ തിരഞ്ഞെടുപ്പിൽ പത്തു വർഷത്തിനു ശേഷമാണ് ഒരു രാഷ്ട്രീയ നേതാവ് പുരസ്കാരം നേടുന്നത്. 2006ൽ വി.എസ്.അച്യുതാനന്ദനും 2007ൽ പിണറായി വിജയനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.