ശ്രീജിവിന്റെ മരണം: സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷിക്കണമെന്ന് െഹെക്കോടതി

കൊച്ചി ∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ എത്രയും വേഗം കേസ് ഏറ്റെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നും നടപടി പുരോഗമിക്കുകയാണെന്നും സിബിഐ അറിയിച്ച സാഹചര്യത്തിലാണു നിർദേശം.

ശ്രീജിവിന്റെ അമ്മയായ രമണി പ്രമീളയുടെ ഹർജി തീർപ്പാക്കിയാണു കോടതി നടപടി. സിബിഐയെ കേസ് അന്വേഷണത്തിനു ചുമതലപ്പെടുത്തി ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം വിജ്ഞാപനം ഇറക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ ജനുവരി 19ലെ ഗസ്റ്റ് വിജ്ഞാപനത്തിന്റെ പകർപ്പും ഹാജരാക്കി. എത്രയും വേഗം സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യമാണു സംസ്ഥാന സർക്കാർ ഉന്നയിച്ചത്.

തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവിന്റെ മരണം 2014 മേയ് 21 നായിരുന്നു. സിഐ ഗോപകുമാർ, എസ്ഐ ബിജുകുമാർ, എഎസ്ഐ ഫിലിപ്പോസ് എന്നിവർ ചേർന്ന് 2014 മേയ് 19 നാണു കസ്റ്റഡിയിലെടുത്തത്. സിബിഐക്കു വിടാൻ അനുമതി നൽകി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും അമിത ജോലിഭാരമുണ്ടെന്നും കേസിന് അത്ര പ്രാധാന്യമില്ലെന്നും പറഞ്ഞു സിബിഐ നിരസിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി.

∙ അമ്മ ഹർജിയിൽ പറഞ്ഞത്:

അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി ഉള്ളിൽചെന്നു ശ്രീജിവ് മരിച്ചെന്നും ആത്മഹത്യാക്കുറിപ്പുണ്ടെന്നും പൊലീസ് പറയുന്നതു ശരിയല്ല. ജീവിതത്തിൽ പ്രതിസന്ധികളേറെ കണ്ടിട്ടുള്ള ശ്രീജിവ് ആത്മഹത്യ ചെയ്യില്ല. കാമുകിയുടെ വിവാഹത്തിൽനിന്നു മാറ്റിനിർത്താൻ വേണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തതാണ്. ശരീരത്തിൽ അടിയേറ്റ പാടുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തം. കസ്റ്റഡി പീഡനമാണെന്ന നിഗമനത്തിലാണു പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയും.

ശ്രീജിത്ത് സമരം തുടരും; സമൂഹ മാധ്യമ കൂട്ടായ്മ പിന്മാറി 

തിരുവനന്തപുരം∙ ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്ത സാഹചര്യത്തിൽ പ്രതിഷേധത്തിൽനിന്നു പിന്മാറുന്നുവെന്നു സമൂഹ മാധ്യമ കൂട്ടായ്മ പ്രതിനിധികൾ അറിയിച്ചു. എന്നാൽ, ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യുംവരെ സെക്രട്ടേറിയറ്റിനുമുന്നിലെ സമരം തുടരുമെന്നു ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത് പറഞ്ഞു. സമരം പിൻവലിക്കണമെന്നു ശ്രീജിത്തിനോടു കൂട്ടായ്മ പ്രതിനിധികൾ ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണു പ്രതിഷേധത്തിൽനിന്നു പിന്മാറാൻ അവർ തീരുമാനിച്ചത്. ശ്രീജിത്തിന്റെ സമരം ഇന്നലെ 774 ദിവസം പിന്നിട്ടു.