വാൽപ്പാറ: 2010-12ൽ പുലിക്കിരയായത് ആറു കുട്ടികൾ

വാൽപ്പാറ ∙ തേയിലത്തോട്ടം മേഖലയിൽ 2010-12ൽ എസ്റ്റേറ്റുകളിൽ നിന്നായി ആറു കുട്ടികൾ പുലിക്കിരയായി. മുതിർന്നവരുടെ അസാന്നിധ്യത്തിൽ കളിസ്ഥലങ്ങളിലും തനിയെ കാൽനട യാത്രകൾക്കിടെയുമാണു കൂടുതൽ കുട്ടികൾ ആക്രമിക്കപ്പെട്ടത്. ഇതിൽ അധികം പേരും ആറു വയസിനു താഴെയുള്ളവരാണ്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു കെണിവച്ചു പുലികളെ ഉൾക്കാട് കയറ്റിയതോടെയാണു പുലി ആക്രമണങ്ങൾക്ക് അറുതി വന്നത്. മുടീസ് ഗ്രൂപ്പിലെ ആനമുടി, മുത്തുമുടി, തോണിമുടി, ഗജമുടി എസ്റ്റേറ്റുകളിൽനിന്നു നാലു കുട്ടികളെയാണു പുലി അക്കാലത്തു പിടികൂടിയത്.

ഗജമുടിയിൽ മാതാപിതാക്കളടക്കം ആറു പേർക്കൊപ്പം ബസിറങ്ങിയ മൂന്നര വയസുകാരിയെ ആൾക്കൂട്ടത്തിനിടയിൽ നിന്നാണു പുലി പിടികൂടി കാട്ടിൽ മറഞ്ഞത്. ഒന്നര മണിക്കൂറിനു ശേഷമാണു തേയിലക്കാട്ടിൽനിന്നു കുട്ടിയുടെ ജഡം കണ്ടെത്തിയത്.