വ്യോമസേനാ വിമാനം തകർന്ന് മലയാളി അടക്കം 2 മരണം

ബാക്കിയായത്: അസമിലെ മജുലി ജില്ലയിൽ ബ്രഹ്മപുത്ര നദീതീരത്തെ മണൽത്തിട്ടയിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കു സമീപം സൈനിക ഉദ്യോഗസ്ഥൻ. ചിത്രം: പിടിഐ

മജുലി ∙ അസമിലെ മജുലി ജില്ലയിൽ വ്യോമസേനയുടെ ചെറുവിമാനം തകർന്നു മലയാളി ഉൾപ്പെടെ രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. വിങ് കമാൻഡർമാരായ ജയ് പോൾ ജയിംസ്, ഡി.വാട്സ് എന്നിവരാണു മരിച്ചത്. ജോർഹട്ടിലെ വ്യോമതാവളത്തിൽ നിന്നു പതിവു നിരീക്ഷണത്തിനു പറന്നുയർന്ന രണ്ടു സീറ്റുള്ള വിമാനമാണു ബ്രഹ്മപുത്ര നദീതീരത്തെ മണൽത്തിട്ടയിൽ തകർന്നുവീണു തീപിടിച്ചത്.

അസമിലെ മജുലി ജില്ലയിൽ വ്യോമസേനയുടെ ചെറുവിമാനം തകർന്നു കൊല്ലപ്പെട്ട വിങ് കമാൻഡർ ഡി.വാട്സ്.

ദ്വീപ് പ്രദേശമായ മജുലിയിലെ വടക്കൻമേഖലയിൽ ആൾതാമസമില്ലാത്ത ദർബാർ ചപോരിയിലായിരുന്നു അപകടം. തകരാർ തിരിച്ചറിഞ്ഞ പൈലറ്റുമാർ അടിയന്തര ലാൻഡിങ്ങിനു ശ്രമിച്ചെങ്കിലും നടന്നില്ല. സമീപഗ്രാമങ്ങളിലുള്ളവർ വിവരമറിയിച്ചതിനെ തുടർന്നു വ്യോമസേനാ ഉദ്യോഗസ്ഥരും പൊലീസും ബോട്ടിൽ സംഭവസ്ഥലത്തെത്തുകയായിരുന്നു. വിശദവിവരങ്ങൾ അറിവായിട്ടില്ല. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.