ഷുഹൈബ് വധം: പ്രതികളെ തിരിച്ചറിഞ്ഞില്ല; കെ.സുധാകരൻ നിരാഹാരസമരത്തിന്

കെ.സുധാകരൻ

കണ്ണൂർ / മട്ടന്നൂർ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ എടയന്നൂരിൽ‌ കൊലപ്പെടുത്തിയ നാലംഗ സംഘത്തിലെ ഒരാളെപ്പോലും ഇനിയും തിരിച്ചറിഞ്ഞില്ല. അക്രമികൾ സഞ്ചരിച്ച വാഹനം തിരിച്ചറിയാൻ പ്രദേശത്തെ റോ‍ഡുകൾക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. രണ്ടു ദിവസത്തിനകം പ്രതികളെ തിരിച്ചറിയാനാവുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.

അതേസമയം, ജയിലിൽ നിന്നു ചിലരെ പുറത്തിറക്കിക്കൊണ്ടു വന്നാണു കൊല നടത്തിയതെന്ന ആരോപണത്തിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്. ഷുഹൈബിന്റെ കൊലപാതകത്തിനു മുൻപായി എടയന്നൂരിൽ പ്രാദേശിക സിപിഎം നേതാക്കൾ രണ്ടുതവണ രഹസ്യയോഗം ചേർന്നുവെന്നും പുറത്തുനിന്നു കൊണ്ടുവന്ന കൊലപാതകികൾക്കു വഴി കാണിക്കാനും സംരക്ഷണം നൽകാനുമായി പ്രാദേശിക സിപിഎം നേതാക്കൾ അഞ്ചു വാഹനങ്ങളിലായി സംഭവദിവസം സമീപത്തു റോന്തു ചുറ്റിയിരുന്നതായും കോൺഗ്രസ് നേതാവ് കെ.സുധാകരൻ ആരോപിച്ചു. സിപിഎമ്മുകാരായ ചില തടവുകാർ പരോൾ പോലുമില്ലാതെ രാത്രി ജയിലിനു പുറത്തിറങ്ങി പുലർച്ചെ തിരിച്ചെത്താറുണ്ട് എന്നു ചില ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായും സുധാകരൻ പറഞ്ഞു.

പ്രതികളെ പിടിക്കാത്തതിൽ പ്രതിഷേധിച്ചു കെ.സുധാകരൻ 19നു രാവിലെ കലക്ടറേറ്റ് പടിക്കൽ 48മണിക്കൂർ നിരാഹാരം തുടങ്ങും. 48 മണിക്കൂറിനകവും നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് സതീശൻ‌ പാച്ചേനി എന്നിവർ പറഞ്ഞു. ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ 22, 23 തീയതികളി‍ൽ ഫണ്ട് ശേഖരണം നടത്തും. 22നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ 110 കേന്ദ്രങ്ങളിൽ പിരിവെടുക്കും.

ഫെബ്രുവരി 12നു രാത്രിയാണ് എടയന്നൂർ തെരൂരിൽ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞ​ു ഭീതി പരത്തി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. അന്വേഷണം ശരിയായ ദിശയിലാണെന്നും മറ്റു സമ്മർദങ്ങളൊന്നുമില്ലെന്നും ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു.

അതിനിടെ, മട്ടന്നൂർ പരിസരത്തു നിന്ന് ഒരു വാൾ കൂടി കണ്ടെത്തി. ശിവപുരം വെമ്പടിത്തട്ടിലെ ഷട്ടിൽ കോർട്ടിനു സമീപത്തു നിന്നാണു വാൾ കിട്ടിയത്. 23 ഇഞ്ച് നീളവും ഒന്നര ഇഞ്ച് വീതിയുമുള്ള അധികം പഴക്കമില്ലാത്ത വാളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം എടയന്നൂരിനടുത്ത വെള്ള പറമ്പിൽ ചെങ്കൽ ക്വാറിക്കു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെടുത്ത വാൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം

കണ്ണൂർ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു കോൺഗ്രസ്. കൊല നടന്ന ഉടൻ അക്രമികൾക്കു രക്ഷപ്പെടാനും തെളിവു നശിപ്പിക്കാനും പൊലീസ് സൗകര്യമൊരുക്കിയതായും കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് അന്വേഷണം നിയന്ത്രിക്കുന്നതെന്ന ആരോപണവും കോ‍ൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.