കേസുകളിൽ കുറ്റവാളികളെ രക്ഷപ്പെടുത്താൻ വ്യാജ പ്രതികൾ

കണ്ണൂർ ∙ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ ഇന്നലെ പൊലീസിൽ കീഴടങ്ങിയവർ ഡമ്മി പ്രതികളാണെന്ന ആരോപണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഡമ്മി പ്രതികൾ പുതുമയല്ല. കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പോലും വ്യാജ പ്രതികളെ ഇറക്കി യഥാർഥ അക്രമികളെ രക്ഷപ്പെടുത്തിയ സംഭവങ്ങൾ പല തവണ ഉണ്ടായിട്ടുണ്ട്. അങ്ങനെ പ്രതിചേർക്കപ്പെട്ട ഡമ്മികൾ പിന്നീടു തെളിവിന്റെ അഭാവത്തിൽ മേൽക്കോടതികളിൽ രക്ഷപ്പെടുകയാണു പതിവ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണു കെ.ടി.ജയകൃഷ്ണൻ കൊലക്കേസ്.

യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണൻ 1999 ഡിസംബർ ഒന്നിനാണു കൊല്ലപ്പെട്ടത്. പാനൂരിനടുത്തു മൊകേരി ഈസ്റ്റ് യുപി സ്കൂൾ അധ്യാപകനായിരുന്ന ജയകൃഷ്ണനെ ക്ലാസ് മുറിയിൽ പിഞ്ചുകുട്ടികളുടെ മുൻപിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏഴു പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. അതിലൊരാൾ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു. ഒരാളെ കോടതി വിട്ടയച്ചു. അഞ്ചു പേർക്കു തലശ്ശേരി അതിവേഗകോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി അതു ശരിവച്ചു. അതിൽ നാലു പേരെയും 2006ൽ സുപ്രീം കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു. അച്ചാരത്ത് പ്രദീപൻ എന്ന ഒന്നാം പ്രതിയെ മാത്രമാണു സുപ്രീം കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പക്ഷേ വധശിക്ഷ ഇളവുചെയ്തു ജീവപര്യന്തമാക്കി. പിന്നീട് എൽഡിഎഫ് ഭരണത്തിൽ ശിക്ഷ ഇളവു ചെയ്തു പ്രദീപനെ തടവിൽ നിന്നു മോചിപ്പിക്കുകയും ചെയ്തു.

2012ൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പിടിയിലായ ടി.കെ.രജീഷ് ആ സത്യം അന്വേഷണ സംഘത്തിനു മു‍ൻപിൽ വെളിപ്പെടുത്തി: കെ.ടി.ജയകൃഷ്ണൻ കൊലക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ഏഴു പേരിൽ ആറു പേരും ഡമ്മിയായിരുന്നു. ഏഴു പ്രതികളിൽ അച്ചാരത്ത് പ്രദീപൻ മാത്രമാണു കൃത്യത്തിൽ പങ്കെടുത്തത്. മറ്റുള്ളവരെയെല്ലാം സിപിഎം നൽകിയ ലിസ്റ്റ് പ്രകാരം പ്രതി ചേർക്കുകയായിരുന്നു. അക്രമി സംഘത്തിൽ താനും ഉണ്ടായിരുന്നുവെന്നു രജീഷ് വെളിപ്പെടുത്തിയെങ്കിലും പിന്നീടു മൊഴിമാറ്റി.