സ്കൂളിൽ ചേർക്കാൻ പ്രതിരോധ കുത്തിവയ്പ് നിർബന്ധമാകും; കരട് ആരോഗ്യനയത്തിന് അംഗീകാരം

തിരുവനന്തപുരം∙ വിദ്യാർഥികളെ സ്‌കൂളിൽ ചേർക്കുന്നതിനു പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ സാക്ഷ്യപത്രം നിർബന്ധമാക്കുന്നു. കുത്തിവയ്‌പെടുത്തതിന്റെ കാർഡ് സ്കൂൾ പ്രവേശന സമയത്തു ഹാജരാക്കണമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നിയമം കൊണ്ടുവരാനാണ് ആരോഗ്യ വകുപ്പ് ആലോചിക്കുന്നത്.

മെഡിക്കൽ കോളജുകൾക്കും നഴ്‌സിങ് കോളജുകൾക്കും സ്വയംഭരണം നൽകുന്നതിനൊപ്പം മെഡിക്കൽ കോളജുകൾക്കായി പ്രത്യേക റിക്രൂട്‌മെന്റ് ബോർഡ് രൂപീകരിക്കുകയും ചെയ്യുമെന്നു മന്ത്രിസഭ അംഗീകരിച്ച കരട് ആരോഗ്യ നയത്തിൽ പറയുന്നു. ഡോക്ടർമാരുടെ സ്ഥലം മാറ്റം ഒഴിവാക്കാനാണു റിക്രൂട്‌മെന്റ് ബോർഡിനു രൂപം നൽകുന്നത്. ആരോഗ്യ വകുപ്പിനു കീഴിലെ മോഡേൺ മെഡിസിൻ വിഭാഗത്തെ മൂന്നു ഡയറക്ടറേറ്റുകളായി വിഭജിക്കാനാണു മറ്റൊരു നിർദേശം.

പബ്ലിക് ഹെൽത്ത്, ക്ലിനിക്കൽ സർവീസസ്, മെഡിക്കൽ എജ്യുക്കേഷൻ എന്നിങ്ങനെയാണു തിരിക്കുക. ഇതനുസരിച്ചു ഡോക്ടർമാരെ വിന്യസിക്കും. ജില്ലാ ആശുപത്രിവരെ താൽക്കാലിക നിയമനങ്ങളുടെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും. 1000 പേർക്ക് ഒരു ഡോക്ടർ എന്ന ദീർഘകാല ലക്ഷ്യം കൈവരിക്കുമെന്നും ഡോ. ബി.ഇക്ബാൽ അധ്യക്ഷനായ സമിതി തയാറാക്കിയ കരട്‌ ആരോഗ്യ നയത്തിൽ പറയുന്നു. ജനാഭിപ്രായം തേടിയ ശേഷം 27നു മുമ്പു നയം വിജ്ഞാപനം ചെയ്യുമെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.