പരിഗണനാ വിഷയങ്ങളിൽ വ്യക്തത തേടി വിഴിഞ്ഞം ജുഡീഷ്യൽ കമ്മിഷൻ

കൊച്ചി ∙ സിഎജി റിപ്പോർട്ടിന്റെ സാധുത പരിശോധിക്കാൻ അധികാരമുണ്ടോ എന്നതിലുൾപ്പെടെ പരിഗണനാ വിഷയങ്ങളിൽ വ്യക്തത തേടി വിഴിഞ്ഞം ജുഡീഷ്യൽ കമ്മിഷൻ സർക്കാരിനെ സമീപിക്കുന്നു. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട് ശരിയാണ് എന്ന അനുമാനത്തിൽ കമ്മിഷനു മുൻപോട്ടു പോകാമോ, മൂന്നു സർക്കാരുകളുടെ കാലത്തായി നടപ്പാക്കുന്ന പദ്ധതിയിൽ എല്ലാ കാലത്തും അധികാരത്തിലുണ്ടായിരുന്നവരുടെ നടപടികൾ പരിശോധിക്കാൻ കമ്മിഷന് അധികാരമുണ്ടോ എന്നീ കാര്യങ്ങളിലാണ് അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. 27നു കമ്മിഷൻ വീണ്ടും ചേരുന്നതിനു മുൻപു നിയമ സെക്രട്ടറിയോട് അഭിപ്രായം അറിയിക്കാനും നിർദേശമുണ്ട്.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെ കണ്ടെത്താനാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, സിഎജിയുടെ കണ്ടെത്തലുകൾതന്നെ തെറ്റാണെന്ന വാദം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ സിഎജിയുടെ കണ്ടെത്തലുകളുടെ സാധുത പരിശോധിക്കാൻ കമ്മിഷന് അധികാരമുണ്ടോ എന്നതിൽ സർക്കാർ വ്യക്തത വരുത്തണം. നിലവിലെ സ്ഥിതിയിൽ സിഎജി റിപ്പോർട് ശരിയല്ലെന്നാണു ഭാവിയിലെ വിലയിരുത്തലെങ്കിൽ അത് ടേംസ് ഓഫ് റഫറൻസിനു പുറത്താണെന്ന് ആരോപണമുയരും. അതുകൂടി പരിഗണിച്ചാണു വ്യക്തത തേടുന്നതെന്നു കമ്മിഷൻ അധ്യക്ഷൻ അറിയിച്ചു.

വിഴിഞ്ഞം പദ്ധതിക്കെതിരെ ബ്ലോഗ് എഴുതിയ മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹൻദാസിനെ മൂന്നംഗ കമ്മിഷനിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം കമ്മിഷൻ അംഗീകരിച്ചില്ല. കമ്മിഷൻ അംഗങ്ങളെ തീരുമാനിച്ചതു സർക്കാരാണ്. ഒഴിവാക്കണമെങ്കിൽ പരാതിക്കാരൻ സർക്കാരിനെയോ കോടതിയെയോ സമീപിക്കണം. കമ്മിഷനിൽ തുടരണോ എന്ന കാര്യത്തിൽ മോഹൻദാസിന് സ്വമേധയാ തീരുമാനം എടുക്കാമെന്നും കമ്മിഷൻ അധ്യക്ഷൻ അഭിപ്രായപ്പെട്ടു. വ്യക്തി എന്ന നിലയിൽ പുറപ്പെടുവിച്ച അഭിപ്രായങ്ങൾ കമ്മിഷന്റെ കണ്ടെത്തലുകളെ സ്വാധീനിക്കാൻ വഴിയൊരുക്കില്ലെന്ന് മോഹൻദാസ് വ്യക്തമാക്കി. കാലപരിധിക്കുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കണമെന്നും അധ്യക്ഷൻ അംഗങ്ങളോടു നിർദേശിച്ചു. മോഹൻദാസിനു പുറമെ പി.ജെ. മാത്യുവാണ് കമ്മിഷനിലെ അംഗം.