കേരളത്തിൽ ഇന്ന് തിയറ്റർ സമരം

കൊച്ചി ∙ ഡിജിറ്റൽ പ്രൊജക്‌ഷൻ കമ്പനികൾ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചു ദക്ഷിണേന്ത്യയിലെ സിനിമ തിയറ്ററുകൾ ഇന്ന് അടച്ചിടും. കേരളത്തിൽ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ 604 സ്ക്രീനുകളിൽ പ്രദർശനം ഉണ്ടാകില്ല. ആന്ധ്ര, തെലങ്കാന മേഖലയിൽ ഇന്ന് ആരംഭിക്കുന്ന അനിശ്ചിതകാല തിയറ്റർ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചാണു കേരളം ഉൾപ്പെടെയുള്ള ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏകദിന സൂചനാ പണിമുടക്ക്.

ദക്ഷിണേന്ത്യയിലെ അയ്യായിരത്തിലേറെ തിയറ്ററുകൾ ഇന്നു പ്രവർത്തിക്കില്ല. തെക്കൻ സംസ്ഥാനങ്ങളിലെ ഫിലിം ചേംബറുകളുടെ പിന്തുണയോടെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ നിർദേശ പ്രകാരമാണു പണിമുടക്ക്. സിനിമകൾ പ്രദർശിപ്പിക്കുന്നതിനായി ഡിജിറ്റൽ പ്രൊജക്‌ഷൻ പ്രൊവൈഡർമാർ ഈടാക്കുന്ന വെർച്വൽ പ്രിന്റ് ഫീയിൽ (വിപിഎഫ്) ഇളവു നൽകുക, സിനിമ പ്രദർശന വേളയിലെ പരസ്യ സമയം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.