നഴ്സസ് സമരം: ചർച്ചയിലൂടെ പരിഹാരത്തിനു ശ്രമം

file photo

കൊച്ചി ∙ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട തർക്കം ഹൈക്കോടതി മീഡിയേഷൻ സെന്ററിന്റെ പരിഗണനയിൽ. ബന്ധപ്പെട്ട ഹർജി കോടതി മധ്യസ്ഥതയ്ക്കു വിട്ടതോടെ ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമം തുടങ്ങി. ഇരുകൂട്ടരുമായുള്ള മധ്യസ്ഥതയുടെ ഫലം ഉൾപ്പെടുത്തി റിപ്പോർട് വരുന്നതോടെ കേസ് വീണ്ടും കോടതി പരിഗണിക്കും.

നഴ്സുമാരുടെ അനിശ്ചിതകാല സമരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഹെൽത്കെയർ പ്രൊവൈഡേഴ്സ് സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിക്കുന്നത്. അഞ്ചു മുതൽ സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ കേരള അവശ്യസേവന നിയമം (കെസ്മ) പ്രയോഗിക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്ന് അവശ്യപ്പെട്ടാണു ഹർജി. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും മറ്റുമാണ് എതിർകക്ഷികൾ.

അതേസമയം, കെവിഎം ആശുപത്രി വിഷയം ആർബിട്രേഷനു വിടുന്നതിൽ ഇരു വിഭാഗത്തിന്റെയും അഭിപ്രായം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആരാഞ്ഞു. അടുത്ത സിറ്റിങ് നടക്കുന്ന 19ന് അഭിപ്രായം അറിയിക്കാൻ നിർദേശിച്ചു. സംയുക്ത നഴ്സസ് അസോസിയേഷനും ആശുപത്രി ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്തു. ആശുപത്രിയിൽ ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജീവനക്കാർ നൽകിയ പരാതിയിലാണ് ഇരുകൂട്ടരും ഇന്നലെ നടന്ന സിറ്റിങ്ങിൽ ഹാജരായത്.