മധു വധം: പ്രതികളുമായി പൊലീസ് തെളിവെടുത്തു

അഗളി∙ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പു തുടങ്ങി. ഇന്നലെ രാവിലെ കേസിലെ രണ്ടും മൂന്നും പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ എന്നിവരുമായി പൊലീസ് കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തി. വനത്തിൽ മധു താമസിച്ചിരുന്ന ഗുഹാപരിസരം, പ്രതികൾ മധുവിനെ പിടികൂടിയ സ്ഥലം, പുഴകടന്നു മധുവിനെ എത്തിച്ച മുക്കാലി പരിസരം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

പ്രതികളുടെ മൊഴിയനുസരിച്ചു സംഭവസ്ഥലങ്ങളിൽ നിന്നു പൊലീസ് തെളിവുകൾ ശേഖരിച്ചു. അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മറ്റു പ്രതികളുമായി ഇന്നും നാളെയും തെളിവെടുപ്പു നടത്തും. ആകെ 16 പ്രതികളിൽ 11 പേരെയാണു മണ്ണാർക്കാട് എസ്‌സി, എസ്ടി പ്രത്യേക കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിത്. ഏഴു വരെയാണു കസ്റ്റഡി കാലാവധി. ശേഷിക്കുന്ന അഞ്ചു പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്നു ഡിവൈഎസ്പി പറഞ്ഞു. കഴിഞ്ഞ 22നാണ് ആദിവാസി യുവാവ് മധു ആൾക്കൂട്ടവിചാരണയിൽ മർദനമേറ്റു മരിച്ചത്.