ഭൂമി വിൽപന: കർദിനാളിനും മറ്റുമെതിരെ കേസ്

കൊച്ചി ∙ സിറോ മലബാർ സഭയുടെ എറണാകുളം– അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന സംബന്ധിച്ച പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫിസ് നൽകിയ നിയമോപദേശത്തെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർക്കെതിരെയാണു കേസെടുത്തത്. കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സമർപ്പിച്ച അപ്പീലിന്റെ തീർപ്പ് അനുസരിച്ചു മേൽനടപടികൾ സ്വീകരിച്ചാൽ മതിയെന്നാണു പൊലീസിനു ലഭിച്ച നിയമോപദേശം. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം വിശ്വാസവഞ്ചന, ലാഭത്തിനു വേണ്ടി ചതിചെയ്യുക, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണു പൊലീസ് ചുമത്തിയിട്ടുള്ളത്.