ജിഷയുടെ അമ്മയുടെ സുരക്ഷ പിൻവലിച്ചു

ആലുവ ∙ കുറുപ്പംപടിയിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ അമ്മ രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിൻവലിച്ചു. രാജേശ്വരിയുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയില്ലെന്ന വനിതാ പൊലീസുകാരുടെ പരാതിയാണ് കാരണം. 24 മണിക്കൂറും രണ്ടു വനിതാ പൊലീസുകാരുടെ സുരക്ഷയാണ് ഇവർക്ക് ഏർപ്പെടുത്തിയിരുന്നത്. 

വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പൊലീസുകാരും കൂടെപ്പോകുമായിരുന്നു. കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവരുടെ വീട്. എങ്കിലും റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള വനിതാ പൊലീസുകാരെ മാറിമാറി ഡ്യൂട്ടിക്കിടുകയായിരുന്നു പതിവ്.  

രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് തങ്ങളോടു പെരുമാറിയിരുന്നതെന്നാണ് പൊലീസുകാരുടെ പരാതി. മുടി ചീകിക്കെട്ടിക്കുന്ന ജോലിവരെ ചെയ്യിച്ചിട്ടുണ്ടെന്നു വനിതാ പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ജനറൽ ആശുപത്രിയിലും മറ്റും ചികിൽസയിൽ കഴിയുമ്പോൾ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടിൽ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നതത്രെ. വിസമ്മതിച്ചാൽ തങ്ങൾ മോശമായി പെരുമാറിയെന്നു പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു.

നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിലെ പ്രതിയെ കോടതി വധശിഷ വിധിച്ചു ജയിലിൽ അടച്ചതിനാൽ രാജേശ്വരിക്കു നിലവിൽ ഭീഷണിയില്ലെന്നും സുരക്ഷാ ജോലി ഒഴിവാക്കണമെന്നും വനിതാ പൊലീസുകാർ ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി.