ബിനോയ് കോടിയേരി വിവാദം പൊളിറ്റ്ബ്യൂറോയിലേക്ക്

ന്യൂഡൽഹി∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച വിവാദം പൊളിറ്റ്ബ്യൂറോയുടെ പരിഗണനയ്ക്ക്? വിഷയത്തിൽ കോടിയേരിയും ജനറൽ‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായുണ്ടായ കത്തിടപാടുകളുടെ രേഖകൾ‍ തങ്ങൾക്കു ലഭ്യമായിട്ടുണ്ടെന്നു പിബിയിലെ ഒരംഗം വെളിപ്പെടുത്തി.

ബിനോയ് കോടിയേരി വിഷയത്തിൽ ചില വാർത്തകളുടെ അടിസ്ഥാനത്തിൽ യച്ചൂരിയെ പ്രതിക്കൂട്ടിലാക്കാൻ കേരള ഘടകം ഒരു കത്തിലൂടെ ഒൗദ്യോഗികമായിത്തന്നെ ശ്രമിച്ചുവെന്നാണു പിബി അംഗം നൽകിയ സൂചന. എന്നാൽ, ഒറ്റപ്പെട്ട വാർത്തകളല്ല, വിഷയം മൊത്തത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നു ജനറൽ‍ സെക്രട്ടറി മറുപടി നൽകിയെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ തനിക്കെതിരെ കോടിയേരിയുടെ സാന്നിധ്യത്തിൽ കടുത്ത വിമർശനമുണ്ടായതുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചെന്നുമാണ് അറിയുന്നത്.

ഈ കത്തുകളും അനുബന്ധ രേഖകളുമാണത്രേ പിബിക്കു ലഭ്യമാക്കിയിട്ടുള്ളത്. നേതാക്കളുടെ നടപടികളെക്കുറിച്ചു മാത്രമേ പാർട്ടി നിലപാടെടുക്കേണ്ടതുള്ളുവെന്നും കുടുംബത്തിന്റെയും മക്കളുടെയും ബന്ധുക്കളുടെയും ഇടപാടുകളെ ന്യായീകരിക്കാൻ മെനക്കെടേണ്ടതില്ലെന്നുമാണു പിബിയിലെ ചിലരുടെ നിലപാട്. എന്നാൽ, പാർട്ടിയുടെയും നേതാക്കളുടെയും പേരുപയോഗിച്ചു മക്കളും മറ്റും നടത്തുന്ന അഴിമതികൾ തടയാൻ ചൈനയിലെ പാർട്ടി അടുത്തിടെ സ്വീകരിച്ച നടപടികളാണു ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

അടുത്ത മാസം ചേരുന്ന പാർട്ടി കോൺഗ്രസ് പരിഗണിക്കേണ്ട രാഷ്ട്രീയ–സംഘടനാ റിപ്പോർട്ടിന്റെ രൂപരേഖ പരിഗണിക്കാനും ത്രിപുരയിലെ തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താനും മറ്റുമായി ഇന്നലെ തുടങ്ങിയ പിബി യോഗം ഇന്നു സമാപിക്കും.

തിരഞ്ഞെടുപ്പു പരാജയത്തിന്റെ വിശദമായ വിലയിരുത്തലിന് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതേയുള്ളുവെന്നു ത്രിപുരയിലെ പ്രതിനിധികൾ പിബിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, വിശദമായ വിലയിരുത്തൽ ഈ മാസം 28 മുതൽ 30 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റിയിലാവും നടക്കുക.