പമ്പ് ഹൗസുകളുടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ നിർദേശം

തിരുവനന്തപുരം∙ ജല അതോറിറ്റി വക പമ്പ് ഹൗസുകളുടെ ഫ്യൂസ് ഊരരുതെന്നും ഇതിനകം ഊരിയ സ്ഥലങ്ങളിൽ വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശം നൽകി. വൈദ്യുതി ബോർഡിന്റെ ഫ്യൂസ് ഊരൽ, ജലവിതരണത്തെ ബാധിക്കുന്നതായി റവന്യു, ജലവിഭവ മന്ത്രിമാരുടെ വിഡിയോ കോൺഫറൻസിൽ കലക്ടർമാ‍ർ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഊർജ സെക്രട്ടറി, വൈദ്യുതി ബോർഡ് ചെയർമാൻ, ജല അതോറിറ്റി എംഡി എന്നിവരുടെ അടിയന്തര യോഗം ചീഫ് സെക്രട്ടറി പോൾ ആന്റണി വിളിച്ചു ചേർത്തത്.

പമ്പ് ഹൗസുകളുടെ ഫ്യൂസ് ഊരിയിട്ടുണ്ടെങ്കിൽ ഉടൻ പുനഃസ്ഥാപിക്കുമെന്നു ബോർഡ് അധികൃതർ അറിയിച്ചു. ഫ്യൂസ് ഊരുന്ന പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കണമെന്നു മന്ത്രി മാത്യു ടി.തോമസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനോടും വൈദ്യുതി മന്ത്രി എം.എം.മണിയോടും ആവശ്യപ്പെട്ടിരുന്നു.

വൈദ്യുതി നിരക്കു കുടിശിക ഇനത്തിൽ 750 കോടിയോളം രൂപ ബോർഡിനു ജല അതോറിറ്റി നൽകാനുണ്ട്. എന്നാൽ തങ്ങൾക്ക് ആരോഗ്യ, വൈദ്യുതി വകുപ്പുകൾ കോടിക്കണക്കിനു രൂപ നൽകാനുണ്ടെന്നും തങ്ങൾ ആരുടെയും കണക്‌ഷൻ വിച്ഛേദിക്കാറില്ലെന്നുമാണു ജല അതോറിറ്റിയുടെ ന്യായം.