ഇരട്ടക്കവർച്ച: മുഖ്യപ്രതി ബംഗ്ലദേശിൽ അറസ്റ്റിൽ

കൊച്ചി ∙ നഗരത്തെ നടുക്കിയ ഇരട്ടക്കവർച്ചാക്കേസിലെ മുഖ്യപ്രതി അക്രംഖാൻ ബംഗ്ലദേശിൽ അറസ്റ്റിൽ. ബംഗ്ലദേശിലെ ഒളിത്താവളത്തിൽ നിന്നു ബംഗ്ലദേശ് റൈഫിൾസ് അറസ്റ്റ് ചെയ്ത അക്രംഖാനെ മോറൽഗഞ്ച് പൊലീസിനു കൈമാറി. ബംഗ്ലദേശിൽ ഇയാൾ പ്രതിയായ രണ്ടു കൊലക്കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അക്രംഖാന്റെ ഒളിത്താവളത്തെക്കുറിച്ചു കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘമാണു ബംഗ്ലദേശ് റൈഫിൾസ് എസ്പിക്കു നിർണായക വിവരം കൈമാറിയത്. 

മൂന്നുവർഷം മുൻപാണ് അക്രംഖാന്റെ നേതൃത്വത്തിൽ നടന്ന കവർച്ചയ്ക്കിടെ രണ്ടു സംഭവങ്ങളിലായി രണ്ടുപേർ കൊല്ലപ്പെടുന്നത്. ഈ കേസുകളിൽ ഇയാളെ ബംഗ്ലദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയശേഷം ഇന്ത്യയിലേക്കു കടന്നു. മൂന്നു വർഷമായി ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. 

ബെംഗളൂരുവിലും കൊച്ചിയിലും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തി. എന്നാൽ, കൊച്ചിയിലെ കവർച്ചയ്ക്കുശേഷം കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം തിരിച്ചറിഞ്ഞു പിന്തുടർന്നതോടെ ഇയാൾക്കു ബംഗ്ലദേശിൽ തന്നെ അഭയം തേടേണ്ടിവന്നു. ഇവിടെ ഒരു ദ്വീപിലെ ഒളിത്താവളത്തിലായിരുന്നു കഴിഞ്ഞിരുന്നത്. 

അക്രംഖാനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ ബംഗ്ലദേശ് പൊലീസും പരിശ്രമിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് ബംഗ്ലദേശിലുള്ള കേരള പൊലീസിന്റെ അന്വേഷണ സംഘാംഗത്തിനു വിവരം ലഭിക്കുന്നത്. ഇക്കാര്യം ബംഗ്ലദേശ് റൈഫിൾസിനു കൈമാറിയതിനെത്തുടർന്നാണ് അറസ്റ്റ്.

അക്രംഖാൻ ബംഗ്ലദേശിൽ അറസ്റ്റിലായ വിവരം ലഭിച്ചിട്ടുണ്ടെന്നു തൃപ്പൂണിത്തുറ കവർച്ചാക്കേസിലെ അന്വേഷണോദ്യോഗസ്ഥനായ സിഐ പി.എസ്. ഷിജു സ്ഥിരീകരിച്ചു. ഇയാളെ കൈമാറണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം വഴി ബംഗ്ലദേശ് സർക്കാരിനെ സമീപിക്കും എന്നാൽ ബംഗ്ലദേശിലെ കൊലക്കേസുകളിലെ വിചാരണ പൂർത്തിയാകാതെ പ്രതിയെ വിട്ടുകിട്ടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കഴിഞ്ഞ ഡിസംബർ 15നു പുലർച്ചെ എറണാകുളം പുല്ലേപ്പടിയിലും 16നു പുലർച്ചെ തൃപ്പൂണിത്തുറ എരൂരിലുമാണു കവർച്ച നടന്നത്.