വഴക്കും പിഴയും കുറയും: ട്രെയിനില്‍ ഇനി യാത്രക്കാരന്‍ രാജാവ്

ആലപ്പുഴ ∙ ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറുന്നവരെ ഇനി മുതൽ ചീത്ത പറഞ്ഞ് ഇറക്കി വിടുകയോ വൻതുക പിഴ ഈടാക്കുകയോ ചെയ്യില്ല. ടിക്കറ്റിലെ തീയതി അബദ്ധത്തിൽ മാറി കയറുന്ന യാത്രക്കാരുണ്ടെങ്കിൽ അവർക്കു ടിടിഇമാർ സീറ്റുണ്ടെങ്കിൽ കണ്ടു പിടിച്ചു നൽകുകയും ചെയ്യും. 

ആകർഷകമായ പെരുമാറ്റവും ഫലപ്രദമായ സേവനവും നൽകുന്ന സ്ഥാപനമായി റെയിൽവേയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിന്റെ ഭാഗമാണ് ഈ പരിഷ്കാരങ്ങൾ. മാനേജർമാർ മുതൽ ശുചീകരണത്തൊഴിലാളികൾ വരെയുള്ള ജീവനക്കാർക്കു ഒരു വർഷം കൊണ്ടു പരിശീലനം പൂർത്തിയാക്കുന്നതോടെ റെയിൽവേയുടെ മുഖവും സ്വഭാവവും മാറുമെന്നാണു പ്രതീക്ഷ. 

യാത്രക്കാരുമായി നിരന്തരം ഇടപെടുന്ന ടിടിഇ, ടിക്കറ്റ് – ബുക്കിങ് ജീവനക്കാർ, സ്റ്റേഷൻ മാസ്റ്റർമാർ എന്നിവർക്ക് ഉപഭോക്തൃ സൗഹൃദപരമായ പ്രവർത്തനത്തിനുള്ള പരിശീലനമാണു നൽകുന്നത്. ജീവനക്കാർ തമ്മിലുള്ള പെരുമാറ്റം മെച്ചപ്പെടുത്താനും കാര്യശേഷി വർധിപ്പിക്കാനും സാക്ഷം എന്നു പേരുള്ള പദ്ധതിയിൽ പ്രത്യേകം ശ്രമമുണ്ട്. എൻജിനീയറിങ് വിഭാഗം ജീവനക്കാർക്കു ചെന്നൈയിലും മറ്റുള്ളവർ‌ക്കു തിരുച്ചിറപ്പള്ളിയിലുമാണ് പരിശീലനം.

മുതിർന്ന ഉദ്യോഗസ്ഥരും ‘സോഫ്റ്റ് സ്കിൽ’ പരിശീലകരുമാണു ക്ലാസ് നയിക്കുന്നത്. എൻജിനീയറിങ് വിഭാഗത്തിനു പിഴവുകളിൽ കുറവു വരുത്തലാണു ലക്ഷ്യമെങ്കിൽ യാത്രക്കാരുടെ പരാതികൾ കുറയ്ക്കുകയാണു മറ്റു വിഭാഗങ്ങളുടെ ലക്ഷ്യം.

പ്രഥമ പരിഗണന ഉപഭോക്താവിന് 

ടിക്കറ്റില്ലെങ്കിൽ യാത്രക്കാരൻ കയറിയ സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റ് നിരക്കും അതിനുള്ള പിഴയുമടച്ചു യാത്ര ചെയ്യാൻ അനുവദിക്കും. എവിടെനിന്നാണ് കയറിയതെന്നു വിശ്വസനീയമായി ബോധ്യപ്പെടുത്തേണ്ടതു യാത്രക്കാരനാണ്. സീറ്റ് ലഭ്യമല്ലെങ്കിൽ പ്രധാന സ്റ്റേഷനുകളിൽ ഇറക്കും.

രാത്രിയിൽ സ്ത്രീ യാത്രക്കാർക്കാണ് ഇങ്ങനെ അബദ്ധം പറ്റുന്നതെങ്കിൽ അവരെ  പ്രധാനസ്റ്റേഷനുകളിൽ സുരക്ഷിതരായി വിശ്രമമുറിയിൽ എത്തിക്കും. സീറ്റ്, ബർത്ത് മാറ്റം എന്നിവ സംബന്ധിച്ചും യാത്രക്കാരുടെ ആവശ്യങ്ങൾ കഴിവതും ടിടിഇമാർ പരിഗണിക്കണമെന്നാണു നിർദേശം. ഫോൺ എടുക്കാത്ത റെയിൽവേ സ്റ്റേഷനും എടുത്താൽ തന്നെ പരുഷമായ മറുപടി നൽകുന്ന രീതിയും മാറ്റും.