അട്ടപ്പാടി: സംസ്ഥാന സർക്കാർ വിശദീകരണ പത്രിക നൽകണമെന്നു ഹൈക്കോടതി

കൊച്ചി ∙ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ വിശദീകരണ പത്രിക നൽകണമെന്നു ഹൈക്കോടതി. അട്ടപ്പാടിയിൽ നോഡൽ ഓഫിസർ നിയമനത്തിനു നടപടി സ്വീകരിക്കുന്നതായി സർക്കാർ അറിയിച്ചതിനെത്തുടർന്നാണു പത്രിക ആവശ്യപ്പെട്ടത്. സമഗ്ര ട്രൈബൽ ഡവലപ്മെന്റ് പദ്ധതിയുടെ പ്രോജക്ട് ഓഫിസറെ നിയമിച്ചിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു.

ആദിവാസി യുവാവ് മധു ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ പശ്ചാത്തലത്തിൽ ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ കത്തെഴുതിയതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും മറ്റു ഹർജികളുമാണു ഡിവിഷൻ ബെഞ്ചിലുള്ളത്. അട്ടപ്പാടി ആദിവാസി മേഖലയിൽ ജീവിതവും ഉപജീവനവും മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള സർക്കാർ പദ്ധതികൾ പലതും ഫലം കണ്ടില്ലെന്നു കോടതിയെ സഹായിക്കാൻ നിയുക്തനായ ‘അമിക്കസ് ക്യൂരി’ ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു.