Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവ്യ എസ്.അയ്യരെ തദ്ദേശഭരണ വകുപ്പിലേക്കു മാറ്റി

Divya S. Iyer

തിരുവനന്തപുരം∙ വർക്കലയിൽ സർക്കാർ ഭൂമി വ്യക്തിക്കു കൈമാറാൻ ഉത്തരവു നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടു വിവാദത്തിലായ സബ് കലക്ടർ ദിവ്യ എസ്. അയ്യരെ തദ്ദേശഭരണ ഡപ്യൂട്ടി സെക്രട്ടറിയായി സ്ഥലം മാറ്റാൻ മന്ത്രിസഭാ തീരുമാനം. പകരം തിരുവനന്തപുരം സബ് കലക്ടറായി ഫോർട്ട് കൊച്ചി സബ്കലക്ടർ ഇമ്പശേഖരനെ നിയമിച്ചു. വർക്കല അയിരൂരിലെ ഭൂമി വിവാദം കലക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്. അതേസമയം, കാട്ടാക്കട താലൂക്കിലെ മണ്ണൂർക്കര വില്ലേജിലെ ഭൂമി സംബന്ധിച്ചു സബ്കലക്ടർ കഴിഞ്ഞ ജൂലൈ 17ന് ഇറക്കിയ ഉത്തരവ് 1964ലെ കേരള ഭൂമി പതിവു ചട്ടപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച കലക്ടർ കെ.വാസുകി, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനു റിപ്പോർട്ട് നൽകി.

വർക്കല ഇലകമൺ പഞ്ചായത്തിലെ വില്ലിക്കടവിൽ സംസ്ഥാന പാതയോരത്തെ 27 സെന്റ് റോഡ് പുറമ്പോക്ക് ഒരാൾ അനധികൃതമായി കൈവശം വച്ചതായി കണ്ടെത്തി വർക്കല തഹസിൽദാർ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തിരുന്നു. അവിടെ അയിരൂർ പൊലീസ് സ്റ്റേഷനു കെട്ടിടം നിർമിക്കണമെന്ന തീരുമാനത്തിൽ സ്ഥലം ഒഴിച്ചിട്ടു. ഭൂമി കൈവശം വച്ചിരുന്ന വ്യക്തി റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഉചിതമായ തീരുമാനമെടുക്കാൻ സബ് കലക്ടറോടു കോടതി നിർദേശിച്ചു. സബ് കലക്ടർ തഹസിൽദാറുടെ നടപടി റദ്ദാക്കിയതാണു വിവാദമായത്. വി.ജോയി എംഎൽഎയും പഞ്ചായത്ത്് ഭാരവാഹികളും സബ്കലക്ടർക്കെതിരെ രംഗത്തിറങ്ങിയ സാഹചര്യത്തി‍ൽ അപ്പീൽ അധികാരി കൂടിയായ കലക്ടർ വാദം കേട്ടിരുന്നു.

അതേസമയം, കാട്ടാക്കട മണ്ണൂർക്കര വില്ലേജിലെ ഭൂമി സംബന്ധിച്ച് 2010 മുതൽ കേസുണ്ട്. ഭൂമി പതിവു നിയമം അനുസരിച്ചുള്ള നോട്ടിസ് പരസ്യപ്പെടുത്തിയപ്പോൾ പോലും കുറ്റിച്ചൽ പഞ്ചായത്ത് ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണെന്നു റിപ്പോർട്ടിൽ പറയുന്നു. 2010 മുതൽ ആരംഭിച്ച പ്രശ്നത്തിൻമേൽ 2017ലാണു പഞ്ചായത്ത് ആക്ഷേപം ഉന്നയിച്ചത്. മാത്രമല്ല, പഞ്ചായത്ത് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനു പതിവു നടപടികൾ നിർത്തി വയ്ക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സബ് കലക്ടറുടെ കഴിഞ്ഞ ജൂലൈ 17ലെ നടപടിക്രമം അനുസരിച്ചു കക്ഷിയോടു കമ്പോള വില അടയ്ക്കാൻ നിയമാനുസൃതം മാത്രമാണു നിർദേശിച്ചത്. ഇതല്ലാതെ ഭൂമി കക്ഷിയുടെ പേരിൽ പതിച്ചു നൽകിയിട്ടില്ല. അപേക്ഷകൻ ഫയൽ ചെയ്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കലക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

related stories