Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർക്കല ഭൂമി കൈമാറ്റം: സബ് കലക്ടർ ദിവ്യ എസ്.അയ്യർക്കു സ്ഥലംമാറ്റം

Divya S Iyer ദിവ്യ എസ്.അയ്യർ

തിരുവനന്തപുരം∙ വര്‍ക്കല ഭൂമി കൈമാറ്റത്തിലെ വിവാദ ഇടപെടലിനു പിന്നാലെ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കു സ്ഥലംമാറ്റം. തദ്ദേശ വകുപ്പിലേക്കാണു മാറ്റിയത്. വര്‍ക്കലയില്‍ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സര്‍ക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു തിരികെ നല്‍കിയ സംഭവമാണു കോണ്‍ഗ്രസ് എംഎല്‍എ കെ.എസ്.ശബരിനാഥന്‍റെ ഭാര്യ കൂടിയായ ദിവ്യയുടെ സ്ഥലംമാറ്റത്തിലേക്കു നയിച്ചത്. വര്‍ക്കല എംഎല്‍എ വി.ജോയിയും സിപിഎമ്മും അടക്കം വിഷയത്തില്‍ കടുത്ത നിലപാട് എടുത്തതാണു സബ് കലക്ടർക്കു തിരിച്ചടിയായത്.

തിരുവനന്തപുരം കലക്ടര്‍ വാസുകി, ലാൻഡ് റവന്യു കമ്മിഷണർ എന്നിവർ വിഷയത്തിൽ അന്വേഷണം നടത്തിയ ശേഷമാണു ദിവ്യയ്ക്കെതിരെ നടപടിയെടുത്തത്. അയിരൂര്‍ വില്ലേജില്‍ സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി റോ‍ഡ് പുറമ്പോക്കാണെന്നു കണ്ടെത്തി ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാര്‍ എറ്റെടുത്തിരുന്നു. ഇതിനെതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സബ്കലക്ടറെ ചുമതലപ്പെടുത്തി. ഇതനുസരിച്ചു പരാതിക്കാരിയുടെ വാദം കേട്ട സബ്കലക്ടര്‍ തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയും ഭൂമി സ്വകാര്യവ്യക്തിക്കു തിരികെ നല്‍കുകയുമായിരുന്നു.

ദിവ്യ എസ്.അയ്യര്‍ ഭൂമി വിട്ടുകൊടുത്തതു കെ.എസ്.ശബരിനാഥന്റെ താല്‍പര്യപ്രകാരമാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഭൂസംരക്ഷണനിയമം അനുസരിച്ചാണു തീരുമാനമെടുത്തതെന്നും ഭൂഉടമയെ നേരിട്ടു കണ്ടിട്ടില്ലെന്നുമായിരുന്നു ദിവ്യയുടെ നിലപാട്. ഭൂമി വിട്ടുകൊടുത്ത സംഭവത്തിൽ തന്റെ പേരു വഴിച്ചിഴയ്ക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്നും വീട്ടില്‍ ഇക്കാര്യങ്ങള്‍ സംസാരിക്കാറില്ലെന്നുമായിരുന്നു ശബരിനാഥന്‍ പറഞ്ഞത്.

related stories