Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റിച്ചൽ ഭൂമിയിടപാട്: എല്ലാം ചട്ടപ്രകാരം; ദിവ്യ എസ്. അയ്യർക്ക് കലക്ടറുടെ ക്ലീൻ ചിറ്റ്

Divya S. Iyer

തിരുവനന്തപുരം∙ കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്കു വീഴ്ചയില്ലെന്നു റിപ്പോര്‍ട്ട്. ഭൂപതിവ് ചട്ടപ്രകാരമാണു നടപടിയെന്നും സ്വകാര്യവ്യക്തിക്കു സ‍ര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയിട്ടില്ലെന്നും കാട്ടി തിരുവനന്തപുരം കലക്ടര്‍ കെ. വാസുകി റവന്യൂവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. വര്‍ക്കല ഭൂമി ഇടപാടിലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയതിനിടെയാണു കുറ്റിച്ചല്‍ ഭൂമിയിടപാടില്‍ ദിവ്യയ്ക്കു ക്ലീന്‍ചിറ്റുമായി കെ. വാസുകിയെത്തിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.

വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചു നല്‍കിയെന്നതായിരുന്നു ദിവ്യ എസ്. അയ്യര്‍ക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. തൊട്ടുപിന്നാലെ കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി ഇടപാടിലും ആരോപണമെത്തി. 83 സെന്റ് പുറമ്പോക്ക് ഭൂമി കോണ്‍ഗ്രസ് അനുകൂലിക്കു പതിച്ചു നല്‍കിയെന്നു കുറ്റിച്ചല്‍ പഞ്ചായത്തിന്റെ പരാതിയില്‍ റവന്യൂമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു.

ഈ അന്വേഷണ റിപ്പോര്‍ട്ടിലാണു ദിവ്യ എസ്. അയ്യരുടെ നടപടി നിയമപ്രകാരമാണെന്നു കലക്ടര്‍ വിശദീകരിക്കുന്നത്. ഭൂമിയില്‍ പതിറ്റാണ്ടുകളായി അവകാശവാദം ഉന്നയിക്കുന്ന വ്യക്തിയോട് ഉയര്‍ന്ന കമ്പോളവില ഒടുക്കാനാണു സബ് കലക്ടര്‍ ആവശ്യപ്പെട്ടത്. 1964ലെ ഭൂപതിവു ചട്ടപ്രകാരമാണ് ഈ നടപടി. എന്നാല്‍ തുക അടയ്ക്കാതെ സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്. അതിനാല്‍ ഭൂമി ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ല.

ദിവ്യക്കെതിരെ പരാതി നല്‍കിയ കുറ്റിച്ചല്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിയുടെ ഉദേശശുദ്ധിയിലും കലക്ടര്‍ സംശയം പ്രകടിപ്പിക്കുന്നു. 2010 മുതല്‍ തുടങ്ങിയ കേസില്‍ 2017ല്‍ മാത്രമാണു പഞ്ചായത്ത് ആക്ഷേപമുന്നയിച്ചതെന്നാണു കുറ്റപ്പെടുത്തല്‍. റവന്യൂ സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിക്കു കൈമാറും. വര്‍ക്കല ഭൂമി ഇടപാടില്‍ ദിവ്യയ്ക്കെതിരെ നടപടി വേണമെന്നു സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനു പിന്നാലെയാണു കഴിഞ്ഞദിവസം തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിനിടെയാണു കുറ്റിച്ചല്‍ ഇടപാടില്‍ കലക്ടറുടെ ക്ലീന്‍ റിപ്പോര്‍ട്ട്.